മസ്കറ്റ്:രാജ്യത്തെ വിവിധ ഗവർണറേറ്റുകളില്‍ കനത്ത മഴ പെയ്തു. ഇടിയും മിന്നലോടും കൂടിയ മഴയാണ് പെയ്തത്. പലയിടത്തും ശക്തമായ കാറ്റും വീശി.
സൂഹാർ, ഖബൂറ, മസ്കറ്റ് ഗവർണറേറ്റുകളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. പലയിടങ്ങളിലും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു. വാദികള്‍ പലതും കരകവിഞ്ഞൊഴുകി. വാഹനങ്ങളും ഒഴുക്കില്‍ പെട്ടു.
മസ്കറ്റില്‍ പാറ റോഡിലേക്ക് ഇടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. അല്‍ അമേറാത്ത് ഖുരായത്ത് റോഡില്‍ ചില വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ ആർക്കും പരുക്കില്ലെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) പ്രസ്താവനയിൽ അറിയിച്ചു.
വിവിധ ഗവർണറേറ്റുകളിൽ ചെവ്വാഴ്ചവരെ ഒറ്റപ്പെട്ട മഴക്കും ഇടി മിന്നിലിനും സാധ്യതയുണ്ടെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.ഹജർ പർവതങ്ങളിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കണം. കടലില്‍ പോകരുത്.സൗത്ത് അൽ ഷർഖിയ, മസ്‌കറ്റ്, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ 10 മില്ലിമീറ്റർ മുതൽ 40 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാഴ്ചപരിധി 1000 മീറ്ററില്‍ കുറയുമെന്നും അധികൃതർ അറിയിച്ചു.