'കൈയ്ക്ക് പരിക്കില്ല'; പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം: എം.വി ഗോവിന്ദനും സച്ചിന്‍ ദേവിനും കെ.കെ രമയുടെ വക്കീല്‍ നോട്ടീസ്

'കൈയ്ക്ക് പരിക്കില്ല'; പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം: എം.വി ഗോവിന്ദനും സച്ചിന്‍ ദേവിനും കെ.കെ രമയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും ദേശാഭിമാനി പത്രത്തിനുമെതിരെ ആര്‍എംപി നേതാവും എംഎല്‍എയുമായ കെ.കെ രമയുടെ വക്കീല്‍ നോട്ടീസ്.

നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ കെ.കെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ തന്റെ കൈയ്ക്ക് പരിക്കില്ല എന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് കാണിച്ചാണ് രമ വക്കീല്‍ നോട്ടീസ് നല്‍കിയത്.

പ്രസ്താവന പിന്‍വലിച്ച് എം.വി ഗോവിന്ദന്‍ മാപ്പുപറയണം. അല്ലാത്തപക്ഷം മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ കൈയ്ക്ക് പരിക്കേറ്റ കെ.കെ രമ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ രമയുടെ കൈയ്ക്ക് പരിക്കില്ല എന്നതായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

15 ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സച്ചിന്‍ദേവ് എംഎല്‍എയും  സോഷ്യല്‍ മീഡിയയില്‍ അടക്കം സമാനമായ പ്രസ്താവന നടത്തി.

സിപിഎം മുഖപത്രമായ ദേശാഭിമാനി പത്രം ഇത് ഏറ്റുപിടിച്ച് വാര്‍ത്ത നല്‍കി. പ്രസ്താവനയും വാര്‍ത്തയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും പാര്‍ട്ടി മുഖപത്രത്തിനും രമ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.