കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും. ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയും മണ്ഡലം സന്ദര്‍ശിക്കും.
രാഹുലിന് വന്‍ സ്വീകരണമാണ് മണ്ഡലത്തില്‍ യുഡിഎഫ് ഒരുക്കിയിരിക്കുന്നത്. നാളെ കല്‍പറ്റയില്‍ പതിനായിരങ്ങളെ അണിനിരത്തി രാഹുലിന്റെ പ്രത്യേക റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയ പതാകയായിരിക്കും ഷോയില്‍ ഉപയോഗിക്കുക.
റോഡ് ഷോയില്‍ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. റോഡ് ഷോയ്ക്ക് ശേഷം കല്‍പ്പറ്റ എം.പി ഓഫീസിന് മുന്‍പില്‍ 'സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം' എന്ന പേരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ യുഡിഎഫിലെ മുതിര്‍ന്ന നേതാക്കളും കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസാരിക്കും.
അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വയനാട്ടിലെ ജനങ്ങള്‍ തനിക്ക് കുടുംബാംഗങ്ങളെ പോലെയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. വയനാട്ടിലെ ജനങ്ങളുമായി ഒരേ കുടുംബത്തിലെ അംഗങ്ങള്‍ എന്ന ബന്ധം ആണ് തനിക്ക് ഉള്ളതെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
മണ്ഡലത്തിലെ ഓരോ വോട്ടര്‍മാര്‍ക്കും താന്‍ കത്തെഴുതുമെന്നും തന്റെ ഹൃദയത്തില്‍ ജനങ്ങള്‍ക്കുള്ള സ്ഥാനം കത്തിലൂടെ അറിയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതുപ്രകാരം രാഹുല്‍ എഴുതിയ കത്ത് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വീടുകളിലെത്തിക്കുകയും ചെയ്തിരുന്നു.