തിരുവനന്തപുരം: വൻകിട നിർമാണ മേഖലയെയും പ്രതിസന്ധിയിലാക്കി പെര്‍മിറ്റ് ഫീസ് കുത്തനെ വർധിപ്പിച്ച് സർക്കാർ. 20 മടങ്ങ് വർധനവാണ് വന്നിരിക്കുന്നത്. 10,000 സ്ക്വയര്‍ മീറ്ററിലെ നിര്‍മാണത്തിന് പെര്‍മിറ്റെടുക്കാനുള്ള ഫീസ് ഇതോടെ ഒരു ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയരും.
പരിഷ്കരിച്ച നികുതിഘടന മുതൽ നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റവും ജിഎസ്ടിയും എല്ലാം ചേരുമ്പോള്‍ ഒരു കോടി രൂപക്ക് 38 ലക്ഷം രൂപ നിരക്കിലാണ് പലവഴിക്ക് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നത്.
10,000 സ്ക്വയര്‍ മീറ്ററിന് കോര്‍പറേഷൻ പരിധിയിലെ പെര്‍മിറ്റ് ഫീസ് 1,00,050 രൂപയിൽ നിന്ന് 20,05,000 രൂപയായി. മുൻസിപ്പാലിറ്റിയിൽ 70,030 രൂപ 20,040,00 രൂപയായി. 50,020 രൂപ മാത്രമുണ്ടായിരുന്ന പഞ്ചായത്ത് പരിധിയിൽ 1,50,300 രൂപയായി.
വിവിധ ഫീസുകളും പെര്‍മിറ്റ് നിരക്കും എല്ലാറ്റിനും പുറമെ നിര്‍മ്മാണ സാമഗ്രികളുടെ വൻ വിലക്കയറ്റം കൂടി വന്നതോടെ ശരാശരി 2500 രൂപ സ്ക്വയര്‍ ഫീറ്റിനുണ്ടായിരുന്ന നിര്‍മ്മാണ നിരക്കിപ്പോൾ 3000 വും 3500 രൂപയുമായി. വാങ്ങാനെത്തുന്നവരാകട്ടെ വിലയുടെ അഞ്ച് ശതമാനം ജിഎസ്ടിയും ഒമ്പത് ശതമാനം രജിസ്ട്രേഷൻ ചെലവും ഒറ്റത്തവണ നികുതിയടക്കം മറ്റു ചെലവുകൾക്ക് 1.20 ശതമാനം വേറെയും മുടക്കണം.
പ്രതിസന്ധി തീര്‍ക്കാര്‍ സര്ക്കാരിന്‍റെ അടിയന്തര ഇടപെടൽ വേണമെന്നാണ് വൻകിട നിര്‍മാതാക്കളുടെ ആവശ്യം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിവേദനങ്ങൾ നൽകിയിട്ടുണ്ട്. നിരക്ക് വര്‍ധിപ്പിച്ചാൽ മാത്രം പോര തിരിച്ച് നൽകുന്ന സേവനങ്ങൾ സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും നിര്‍മാതാക്കളുടെ സംഘടന പറയുന്നു.