ഉമ്മൻചാണ്ടിയുടെ ചികിത്സയെചൊല്ലി വീണ്ടും വിവാ​ദം, മെഡിക്കൽ ബോർഡ് രൂപീകരിക്കണം; സഹോദരൻ

ഉമ്മൻചാണ്ടിയുടെ ചികിത്സയെചൊല്ലി വീണ്ടും വിവാ​ദം, മെഡിക്കൽ ബോർഡ് രൂപീകരിക്കണം; സഹോദരൻ

കോട്ടയം; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിച്ച് സഹോദരൻ അലക്‌സ് വി ചാണ്ടി. ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി അടിയ്ക്കടി സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് വിലയിരുത്തണമെന്നാണ് സഹോദരൻ അലക്‌സ് വി ചാണ്ടിയുടെ ആവശ്യം. വിഷയം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോർജിന് അലക്സ് വി ചാണ്ടി കത്ത് നൽകി.

അടുത്ത ബന്ധുക്കളുടെ നിലപാടുകൾ കാരണം ഉമ്മൻചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്നും ആരോഗ്യമന്ത്രിക്ക് അയച്ച പരാതിയിൽ സഹോദരൻ കുറ്റപ്പെടുത്തുന്നു. നിലവിൽ ഉമ്മൻചാണ്ടി ചികത്സയിലുള്ള ബാംഗ്ലൂർ എച്ച് സി ജി ആശുപത്രിയുമായി സർക്കാർ മെഡിക്കൽ ബോർഡ് ബന്ധപ്പെടണം. ഉമ്മൻചാണ്ടിയുടെ ഓരോ ദിവസത്തെയും ചികിത്സാ പുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അറിയിക്കുന്ന രീതിയിലുള്ള സംവിധാനം ഉണ്ടാക്കണമെന്നും അലക്സ് വി ചാണ്ടി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ആരോഗ്യമന്ത്രി ഇടപെടുകയും മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.