ശബരിമല വിമാനത്താവളത്തിന് പച്ചക്കൊടി: കേന്ദ്രവ്യോമയാന മന്ത്രാലയം അനുമതി നല്‍കി; നിര്‍ണായ ചുവട്‌വെപ്പെന്ന് സര്‍ക്കാര്‍

ശബരിമല വിമാനത്താവളത്തിന് പച്ചക്കൊടി: കേന്ദ്രവ്യോമയാന മന്ത്രാലയം അനുമതി നല്‍കി; നിര്‍ണായ ചുവട്‌വെപ്പെന്ന് സര്‍ക്കാര്‍

കോട്ടയം: കോട്ടയം ജില്ലയില്‍ ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ശബരിമല വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കേന്ദ്രവ്യോമയാന മന്ത്രാലയമാണ് പച്ചക്കൊടി കാട്ടിയത്. സംസ്ഥാനം സമര്‍പ്പിച്ച സാങ്കേതിക, സാമ്പത്തിക സാധ്യതാ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് നടപടി.

വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ പരിസ്ഥിതി മന്ത്രാലയം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ധനകാര്യമന്ത്രാലയം തുടങ്ങിയവയുടെ അംഗീകാരത്തിന് അപേക്ഷിക്കാനാകൂ. ഇതിന് മുന്നോടിയായി പ്രദേശത്ത് പാരിസ്ഥിതിക, സാമൂഹിക ആഘാതപഠനം നടന്നുവരികയാണ്. ഇനി വിശദപദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിലേക്ക് പോകാനാകുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ വി. തുളസീദാസ് പറഞ്ഞു. പ്രതിരോധ മന്ത്രാലയ അനുമതി നേരത്തെ ലഭിച്ചിരുന്നു.

ചെറുവള്ളി എസ്റ്റേറ്റിലെ 2266 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രാഥമിക സാധ്യതാപഠനത്തില്‍ റണ്‍വേയുടെ ദിശയിലും ഘടനയിലും വ്യോമയാനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ടേബിള്‍ ടോപ്പ് മാതൃകയിലുള്ള റണ്‍വേ സുരക്ഷ കുറവുള്ളതാണെന്ന് അവര്‍ സൂചിപ്പിച്ചു. ഇത് പരിഹരിക്കാന്‍ എസ്റ്റേറ്റിന് പുറത്ത് 307 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇതിന് വിജ്ഞാപനമായി. 3.50 കിലോമീറ്റര്‍ നീളത്തില്‍ സംസ്ഥാനത്തെ ഏറ്റവും നീളംകൂടിയ റണ്‍വേയാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഈ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സ്വീകരിച്ചശേഷം മധുര വിമാനത്താവളവുമായുള്ള അകലം അറിയിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ആകാശദൂരം 148 കിലോമീറ്ററാണെന്നും ശബരിമല താവളം മധുര താവളത്തെ ബാധിക്കില്ലന്നും കേരളം അറിയിച്ചു. ഇതുംകൂടി പരിഗണിച്ചാണ് വ്യോമയാനമന്ത്രാലയം അനുമതിനല്‍കിയത്.

ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഇപ്പോള്‍ കൈവശമുള്ളത് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കൈവശമാണ്. അവകാശം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ കേസ് പാലാ കോടതിയിലാണുള്ളത്. കരമടയ്കാന്‍ സഭ ഹൈക്കോടതി ഉത്തരവ് വഴി അനുമതി നേടിയെങ്കിലും അയന ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ കരം സ്വീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഭൂമി സഭയുടെ ഉടമസ്ഥതയിലുള്ള അയന ട്രസ്റ്റിന്റെ പേരിലാണെന്നാണ് സഭയുടെ വാദം. ഇതിന് തെളിവില്ലെന്ന് സര്‍ക്കാരും പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.