ബെംഗളൂരു: താമരശ്ശേരിയിൽ നിന്നും തട്ടിക്കൊണ്ട് പോയ പ്രവാസി മുഹമ്മദ് ഷാഫിയെ കർണാടകയിൽ നിന്ന് പോലിസ് കണ്ടെത്തി. തട്ടിക്കൊണ്ടുപോയി പതിനൊന്നാം ദിവസമാണ് ഷാഫിയെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുന്നത്.
ഏഴാം തീയതിയാണ് പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ ഷാഫിയെയും ഭാര്യ സനിയയെയും സംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യയെ പിന്നീട് വഴിയിലിറക്കി വിടുകയായിരുന്നു. തട്ടിക്കൊണ്ട് പോകുന്നതിന് രണ്ടാഴ്ച മുമ്പാണ് സംഘം നിരീക്ഷണത്തിനായി പരപ്പൻപൊയിൽ ഭാഗത്ത് എത്തിയത്.
കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇസ്മായിൽ ആസിഫ്, ഹുസൈൻ, മുഹമ്മദ് നൗഷാദ്, അബ്ദുറഹ്മാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഘവുമായി ഇവർക്ക് നേരിട്ടു ബന്ധമുണ്ടെന്നാണ് സൂചന. തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പ് ഇവർ താമരശ്ശേരിയിലും ഷാഫിയുടെ വീടിന്റെ പരിസരത്തും എത്തിയിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടു പോയ കാറിലായിരുന്നു ഇവർ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു.