ദുബായ്: യുഎഇയുടെ ചാന്ദ്ര ദൗത്യ പേടകമായ റാഷിദ് റോവറുമായുളള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടുവെന്ന് ഐസ്പേസ്. യുഎഇ സമയം രാത്രി 8.40 ഓടെയാണ് റാഷിദ് റോവർ ചന്ദ്രനില്‍ ഇറങ്ങിയത്. ജാപ്പനീസ് ലാൻഡർ ‘ഹകുട്ടോ-ആർ മിഷൻ-1 ലായിരുന്നു യാത്ര. ചന്ദ്രനില്‍ ഇറങ്ങിയതിന് ശേഷം റാഷിദ് റോവറുമായുളള ആശയവിനിമയം തുടരാന്‍ കഴിഞ്ഞില്ലെന്ന് ഐസ്പേസ് അധികൃതർ അറിയിച്ചു.

ലാന്‍റിംഗിന് ശേഷം റാഷിദ് റോവറുമായുളള ആശയവിനിമയം നിലനിർത്താന്‍ കഴിഞ്ഞില്ലെന്ന് ഐസ്പേസ് ചീഫ് എക്സിക്യൂട്ടീവ് തകേഷി ഹക്കാമത പറഞ്ഞു ഏകദേശം 30 മിനിറ്റോളം ആശയവിനിമയം തുടരാനായി ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. എങ്കിലും റോവറിന്‍റെ ഇപ്പോഴത്തെ സാഹചര്യമറിയുന്നതിനായുളള ഗവേഷണങ്ങള്‍ തുടരുകയാണ്. എന്നിരുന്നാല്‍ തന്നെയും ചാന്ദ്രദൗത്യം പൂർത്തിയാക്കാന്‍ സാധിച്ചില്ലെന്ന് ഈ അവസരത്തില്‍ ഐസ് പേസ് വിലയിരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
135 യാത്രയ്ക്ക് ശേഷമാണ് റാഷിദ് റോവറിനെ ഇന്നലെ ചന്ദ്രനില്‍ ഇറക്കാന്‍ ശ്രമം നടത്തിയത്. ദൗത്യം വിജയകമായിരുന്നുവെങ്കില്‍ ഇത് നടപ്പിലാകുന്ന ആദ്യ അറബ് രാജ്യമായി മാറുമായിരുന്നു യുഎഇ. ആഗോളതലത്തില്‍ നാലാമത്തെ രാജ്യവും. വിജയ സാധ്യത 50 ശതമാനമാണെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു.

10 കിലോഗ്രാം ഭാരമുളള നാല് ചക്രമുളള റാഷിദ് റോവർ ചന്ദ്രന്‍റെ മണ്ണിന്‍റെ സവിശേഷതകള്‍, പെട്രോഗ്രഫി, പൊടി, ഫോട്ടോ ഇലക്ട്രോണ്‍ കവചം തുടങ്ങിയവ 12 ദിവസത്തേക്ക് പര്യവേക്ഷണം ചെയ്യാനായിരുന്നു പദ്ധതി. കഴിഞ്ഞ ഡിസംബർ 11നാണ് യുഎസിലെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ജാപ്പനീസ് ലാൻഡർ പറന്നുയർന്നത്.