ദുബായ്: യുഎഇയില്‍ സന്ദർശകവിസയിലെത്തുന്നവർക്കുളള ഗ്രേസ് പിരീഡ് ആനുകൂല്യം ലഭിക്കുക ദുബായ് സന്ദർശകവിസയിലുളളവർക്ക്. മാത്രമല്ല ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുക. ഷാർജ, അബുദബി ഉള്‍പ്പടെയുളള മറ്റ് വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവർക്ക് ഗ്രേസ് പിരീഡ് ആനുകൂല്യം ലഭിക്കില്ല. മാത്രമല്ല അധികദിവസം യുഎഇയില്‍ തങ്ങിയതിന് പിഴ അടയ്ക്കേണ്ടി വരികയും ചെയ്യും.
ദുബായുടെ സന്ദർശക വിസയെടുത്തവർക്കാണ് 10 ദിവസത്തെ ഗ്രേസ് പിരീഡ് ആനുകൂല്യം ലഭിക്കുന്നത്. 30, 60 ദിവസ വിസക്കാർക്കാണ് ആനുകൂല്യം ലഭിക്കുക.എന്നാല്‍ യുഎഇയിലേക്ക് വരുന്നതും പോകുന്നതും ദുബായ് വിമാനത്താവളം വഴിയാകണമെന്നുളളത് മാത്രമാണ് നിബന്ധന. മറ്റ് വിമാനത്താവളത്തില്‍ വന്നിറങ്ങി ദുബായ് വിമാനത്താവളം വഴി തിരിച്ചുപോകുകയാണെങ്കിലും ഗ്രേസ് പിരീഡ് ആനുകൂല്യം ലഭിക്കില്ല. വിസ കാലാവധി കഴിഞ്ഞ ശേഷം ഓരോ ദിവസത്തിനും പിഴ നല്‍കേണ്ടിവരും. ഒരു ദിവസമാണ് അധികം തങ്ങുന്നതെങ്കില്‍ 300 ദിർഹമാണ് പിഴ. പിന്നീടുളള ഓരോ ദിവസത്തിനും 50 ദിർഹം അധികം നല്കണം. യാത്രാക്കാരനെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുകയും ചെയ്യും.