ദുബായ്: യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയുടെ ബഹിരാകാശ നടത്തം നാളെ നടക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറുമാസത്തെ ദൗത്യത്തിലാണ് സുല്‍ത്താന്‍ അല്‍ നെയാദി. സഹസഞ്ചാരി സ്റ്റീവന്‍ ബോവനൊപ്പമാണ് നെയാദിയുടെ ബഹിരാകാശ നടത്തം. സ്റ്റീവന്‍ ഇതിന് മുന്‍പ് 7 തവണ ബഹിരാകാശ നടത്തം നടത്തിയിട്ടുണ്ട്.
145 കിലോഗ്രാം ഭാരമുളള സ്പേസ് സ്യൂട്ട് ധരിച്ചാണ് ബഹിരാകാശ നടത്തം. ആറരമണിക്കൂറോളം ദൈർഘ്യമുളളതാണ് നടത്തം. വെളളിയാഴ്ച വൈകുന്നേരം യുഎഇ സമയം 5.15 നാണ് ദൗത്യം ആരംഭിക്കുക. ബഹിരാകാശ നിലയത്തിന് പുറത്ത് എക്സ്ട്രാ വെഹിക്കുലാർ ആക്ടിവിറ്റി ഏറ്റെടുക്കുന്ന പത്താമത്തെ രാജ്യമായി ഇതോടെ യുഎഇ മാറും.
സ്പേസ് വാക്കിനിടെ ബഹിരാകാശ നിലയ സയൻസ് ലബോറട്ടറിയുടെ പുറംഭാഗത്ത് സ്ഥാപിച്ച കമ്യൂണിക്കേഷൻ ഹാർഡ് വെയർ മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പെടെ അറ്റകുറ്റപ്പണിയും നടത്തും. സ്റ്റേഷന്‍റെ ഊർജ ആവശ്യങ്ങൾക്കായി സോളാർ അറേകളും സ്ഥാപിക്കും. ദൗത്യം നാസ ടി വി തല്‍സമയം സംപ്രേഷണം ചെയ്യും.