ദുബായ്: ബഹിരാകാശ നടത്തം നടത്തിയ ആദ്യ അറബ് ബഹിരാകാശ സഞ്ചാരി യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിയെ പ്രശംസിച്ച് ഭരണാധികാരികള്‍.
"ഹോപ് പ്രോബിന്‍റെ കണ്ടെത്തലുകള്‍, റാഷിദ് റോവർ ദൗത്യത്തിന്‍റെ നേട്ടം, സുല്‍ത്താന്‍റെ ബഹിരാകാശ നടത്തം, ബഹിരാകാശ പര്യവേക്ഷണത്തിനും ശാസ്ത്രത്തിലെ പുരോഗതിക്കും അർത്ഥവത്തായ സംഭാവനകൾ നല്‍കുന്നത് യുഎഇ തുടരും" യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വീറ്റ് ചെയ്തു.
"ബഹിരാകാശനടത്തം നടത്തുന്ന ആദ്യ അറബ് സഞ്ചാരിയാണ് അല്‍ നെയാദി, ആദ്യ ഇസ്ലാമും.
എന്നാല്‍ അവസാനത്തെയാളല്ല." യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു." ആകാശത്തിലെ മൂന്നില്‍ രണ്ട് നക്ഷത്രങ്ങളിലും അറബിക് നാമങ്ങള്‍ തെളിയും അറബ് ജനത വരികയാണ്.ശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും യുവാക്കളിൽ നിക്ഷേപം നടത്താനുമാണ് തീരുമാനം, ഒപ്പം അഭിപ്രായവ്യത്യാസങ്ങളിൽ നിന്ന് അകന്നു നിൽക്കാനും," ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
"യുഎഇ ബഹിരാകാശ പദ്ധതിയിലെ പുതിയ നാഴികകല്ല്" എന്നായിരുന്നു ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍റെ പ്രതികരണം.
"താന്‍ നടത്തിയ ആദ്യത്തെ ബഹിരാകാശ നടത്തം യുഎഇ സംബന്ധിച്ച് മഹത്തായ നിമിഷ"മാണെന്ന് സുല്‍ത്താന്‍ അല്‍ നെയാദിയും പ്രതികരിച്ചു. "ബഹിരാകാശ നടത്ത പങ്കാളിയായ സ്റ്റീവൻ ബോവൻ, യുഎഇ ഭരണാധികാരികള്‍, മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്‍റർ നാസ തുടങ്ങിയവർക്ക് അദ്ദേഹം നന്ദി പറഞ്ഞു.അറബ് ലോകത്ത് ഇത് ആദ്യത്തേതാണ്, പക്ഷേ തീർച്ചയായും അവസാനത്തേതല്ല. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഐ.എസ്.എസിലേക്കും ദൗത്യങ്ങൾ നടത്താൻ ബഹിരാകാശ സഞ്ചാരികൾക്ക് ഇപ്പോൾ പരിശീലനം നൽകുന്നു. ഈ നിമിഷത്തിൽ എല്ലാവരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു"വെന്നും നെയാദി പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് 5.40 ന് ഐഎസ്എസിന് പുറത്തെത്തിയ നെയാദിയുടെയും ബോവന്‍റേയും ദൗത്യം 12.12 നാണ് അവസാനിച്ചത്.