ദുബായ്: വർഷത്തിന്‍റെ ആദ്യ പാദത്തില്‍ അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ വർദ്ധനവ് രേഖപ്പെടുത്തി ദുബായ്. 2023 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 4.67 ദശലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകരെയാണ് ദുബായ് സ്വാഗതം ചെയ്തത്. കോവിഡിന് ശേഷമുളള ഏറ്റവും മികച്ച പ്രകടനമാണിത്.
ദുബായിലെ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡിഇടി) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 17 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ ആഗോള ടൂറിസം കേന്ദ്രമെന്ന രീതിയില്‍ ദുബായ് വീണ്ടും അതിന്‍റെ സ്ഥാനം ഉറപ്പിച്ചുവെന്നാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടത്.
ഈ വർഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം കോവിഡിന് മുന്‍പുളള രീതിയിലേക്ക് അതായത് 80-95 ശതമാനത്തിലേക്ക് എത്തുമെന്നാണ് നേഷന്‍സ് വേള്‍ഡ് ട്രേഡ് ഓർഗനൈസേഷന്‍ വിലയിരുത്തുന്നത്.
ദുബായിയെ ലോകത്തെ അതിവേഗം വളരുന്ന നഗരമാക്കി മാറ്റാനുളള നേതൃത്വത്തിന്‍റെ ദീർഘവീക്ഷണമാണ് ഈ നേട്ടം സാധ്യമാക്കിയതെന്ന് ദുബായ് കിരീടാവകാശി പറഞ്ഞു.