ഷാർജ: ഷാർജയില്‍ ബസ് ചാർജ്ജ് കുറച്ചു. വ്യത്യസ്ത റൂട്ടുകളുടെ അടിസ്ഥാനത്തില്‍ പരമാവധി മൂന്ന് ദിർഹം വരെയാണ് കുറച്ചത്. ഇന്ധനവില കുറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ബസ് ചാർജ്ജ് കുറയ്ക്കുന്നതെന്ന് ഷാർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഷാർജയിലെ റോളയിൽ നിന്ന് ദുബായിലെ മാൾ ഓഫ് എമിറേറ്റ്‌സിലേക്ക് നിലവില്‍ 17 ദിർഹമാണ് ബസ് ചാർജ്ജ്. നേരത്തെ ഇത് 20 ദിർഹമായിരുന്നു. റൂട്ട് 112 ല്‍ 7 ദിർഹത്തില്‍ നിന്ന് 6 ദിർഹമായി ചാർജ്ജ് കുറച്ചിട്ടുണ്ട്. റൂട്ട് 114 ല്‍ എട്ട് ദിർഹത്തില്‍ നിന്ന് നിരക്ക് ആറ് ദിർഹമായി. ദൈർഘ്യമേറിയ റൂട്ടുകളില്‍ 30 ല്‍ നിന്ന് 27 ദിർഹമായി.

116, 611, 616 എന്നീ റൂട്ടുകളിലെ നിരക്കുകളും 2 ദിർഹത്തിനും 3 ദിർഹത്തിനും ഇടയിൽ കുറച്ചിട്ടുണ്ട്. 811 (ഷുവൈബിനും അൽ ഐനിനും ഇടയിൽ) ല്‍ നിരക്ക് 10 ദിർഹം തന്നെയാണ്.
യുഎഇയില്‍ മാർച്ച് മാസം വരെ ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഡീസല്‍ വിലയില്‍ ഏപ്രിലിനെ അപേക്ഷിച്ച് മെയ് മാസത്തില്‍ ലിറ്ററിന് 12 ഫില്‍സിന്‍റെ കുറവുണ്ടായിട്ടുണ്ട്.