റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ താമസ സ്ഥലത്തുണ്ടായ വന്‍ തീപിടിത്തത്തില്‍ നാല് മലയാളികടക്കം ആറ് പേര്‍ മരിച്ചു. മരണമടഞ്ഞ മലയാളികളില്‍ രണ്ട് പേര്‍ മലപ്പുറം സ്വദേശികളാണ്.
പെട്രോള്‍ പമ്പ് ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മരിച്ച മലയാളികളില്‍ ഒരാള്‍ മലപ്പുറം മേല്‍മുറി സ്വദേശി ഇര്‍ഫാനും മറ്റൊരാള്‍ വളാഞ്ചേരി സ്വദേശി ഹക്കീമും ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മറ്റ് രണ്ട് പേരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളികളെ കൂടാതെ ഗുജറാത്ത്, തമിഴ്നാട് സ്വദേശികളാണ് മരിച്ച മറ്റുള്ളവര്‍.
റിയാദില്‍ ശുമെയ്സി ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെയാണ് തീപിടിച്ചത്. കെട്ടിടത്തിലെ എ.സിയില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി തീപിടിച്ചതാണെന്നാണ് വിവരം.