കല്‍പ്പറ്റ: യുവഡോക്ടറുടെ കൊലപാതകം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുല്‍ത്താന്‍ബത്തേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ലഹരിമരുന്ന് ഉപയോഗിച്ചയാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ സ്വീകരിക്കേണ്ടതായ സുരക്ഷാ മുന്‍കരുതലുകള്‍ പൊലീസ് സ്വീകരിക്കാതിരുന്നതിനാലാണ് മാതാപിതാക്കളുടെ ഏകമകളായ യുവഡോക്ടര്‍ വന്ദന ദാസിന് (22) ദാരുണ അന്ത്യം സംഭവിച്ചത്. ഇതേക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തണമെന്നും അദേഹം പറഞ്ഞു.
ഈ സംഭവത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി എന്തും പറയും. ഇനി എല്ലാവരും കരാട്ടെയും കളരിയും പഠിക്കണമെന്ന് മന്ത്രി പറയാത്തത് ഭാഗ്യമെന്നും സ്വയം പ്രതിരോധത്തിന് വേണ്ടി എം.ബി.ബി.എസില്‍ എന്തെങ്കിലും പരിശീലനം നല്‍കുന്നുണ്ടോ എന്നും അദേഹം ചോദിച്ചു.
ആരോഗ്യവകുപ്പിന് കീഴിലെ വിവിധ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടിട്ടുള്ളയാളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി. ഏറ്റവുമധികം അന്വേഷണങ്ങള്‍ക്ക് ഉത്തവിട്ടതിന് ഈ മന്ത്രിയുടെ പേര് ഗിന്നസ് ബുക്കില്‍ വരെ വരേണ്ടതാണെന്നായിരുന്നു പ്രതികരണം.
ആശുപത്രികള്‍ സുരക്ഷിത സ്ഥലങ്ങളല്ലെന്ന അവസ്ഥയുണ്ടാകുന്നത് സര്‍ക്കാര്‍ അടിയന്തിരമമായി അവസാനിപ്പിക്കണം. മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഉള്‍പ്പെടെ നിരവധി നിയമങ്ങള്‍ ഉണ്ടെങ്കിലും ജോലി സ്ഥലത്തെ സുരക്ഷിതത്വമില്ലായ്മയെ കുറിച്ച് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നിരന്തരമായി പരാതി ഉന്നയിക്കുന്ന സാഹചര്യം ഉണ്ടായിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിന്റെ പരിണിതഫലമാണ് കൊട്ടാരക്കരയിലെ ദാരുണ കൊലപാതകം. താനൂരിലെ ബോട്ടപകടം പോലെ യുവഡോക്ടറുടെ കൊലപാതകവും സര്‍ക്കാരിന്റെ അനാസ്ഥയെ തുടര്‍ന്നുണ്ടായതാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.