ഇറ്റലിയില്‍ വന്‍ സ്ഫോടനം; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു

ഇറ്റലിയില്‍ വന്‍ സ്ഫോടനം; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു

മിലാന്‍: ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ വന്‍ സ്‌ഫോടനം. പാര്‍ക്കിങ് സ്ഥലത്ത് നടന്ന സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാനിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

മിലാനിലെ പോര്‍ട്ട റൊമാന മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. തുടക്കത്തില്‍ ചെറിയ സ്ഫോടനം ഉണ്ടാവുകയും അത് പിന്നീട് രൂക്ഷമാവുകയുമായിരുന്നു.

അഞ്ച് വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓക്‌സിജന്‍ ടാങ്കുകള്‍ കൊണ്ടു വരുന്ന വാഹനത്തിനാണ് തീപിടിച്ചത്. സംഭവത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

വാന്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വലിയ തോതില്‍ കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. അഗ്‌നിരക്ഷാ സേന രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. നഗരമധ്യത്തിലാണ് സംഭവമുണ്ടായത്. പൊട്ടിത്തെറിയുടെ കാരണം അന്വേഷിച്ച് വരികയാണ്. സുരക്ഷാ മുന്‍കരുതലകളുടെ ഭാഗമായി സമീപത്തെ വിദ്യാലയത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.