അബുദബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും കൂടികാഴ്ച നടത്തി. അബുദബിയിലെ ഖസർ അല്‍ ബഹ്ർ മജ്ലിസില്‍ വച്ചായിരുന്നു കൂടികാഴ്ച. രാജ്യത്തിന്‍റെ പൊതുവായ കാര്യങ്ങളാണ് കൂടികാഴ്ചയില്‍ വിഷയമായത്.
രാജ്യത്തോടുളള സ്നേഹവും സേവനവും നമ്മെ ഒരുമിപ്പിക്കുന്നു, ഓരോ കൂടികാഴ്ചയും ഹൃദയങ്ങളെ ചേർത്ത് നിർത്തി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, രണ്ടാം ഉപഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.