ക്ഷേത്രങ്ങള്‍ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മോഡിക്ക് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഉറപ്പ്

ക്ഷേത്രങ്ങള്‍ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മോഡിക്ക് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഉറപ്പ്

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുമായി വിഷയം ചര്‍ച്ച ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ഉഭയക്ഷി ചര്‍ച്ചകള്‍ക്കിടെയായിരുന്നു അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി നരേന്ദ്ര മോഡി പറഞ്ഞു.

ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ചും വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആന്റണി ആല്‍ബനീസിയുമായി മോഡി ചര്‍ച്ച നടത്തി. ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന ആശയങ്ങളോ, പ്രവര്‍ത്തനങ്ങളോ വെച്ചുപൊറുപ്പിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ല. അതുകൊണ്ടുതന്നെ ഇത്തരം ശക്തികള്‍ക്കെതിരെ ശക്തമായ നടപടി കടുപ്പിക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കി. കഴിഞ്ഞ ദിവസവും ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനായി വിവിധ വിഷയങ്ങളിലാണ് ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ ചര്‍ച്ച നടത്തിയത്. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ എന്നീ വിഷയങ്ങള്‍ക്കായിരുന്നു ചര്‍ച്ചയില്‍ പ്രധാന്യം. ചര്‍ച്ചകള്‍ക്ക് ശേഷം ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയെ നരേന്ദ്ര മോഡി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ക്ഷണം. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ആന്റണി ആല്‍ബനീസി ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.