ഓപ്പണ്‍ ബുക്ക് പരീക്ഷ കേരളത്തിലും; നാല് വര്‍ഷ ബിരുദത്തിന് നടപ്പാക്കും

ഓപ്പണ്‍ ബുക്ക് പരീക്ഷ കേരളത്തിലും; നാല് വര്‍ഷ ബിരുദത്തിന് നടപ്പാക്കും

തിരുവനന്തപുരം: റഫറന്‍സിനായി പാഠപുസ്തകങ്ങള്‍ പരീക്ഷാ ഹാളില്‍ അനുവദിക്കുന്ന ഓപ്പണ്‍ബുക്ക് പരീക്ഷാ രീതി നാലുവര്‍ഷ ബിരുദ കോഴ്‌സുകളില്‍ നടപ്പാക്കും. പരീക്ഷയ്ക്കിടെ റഫര്‍ ചെയ്ത് ചിന്തിച്ച് ഉത്തരം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്ന പരീക്ഷാ രീതിയാണിത്. തുടക്കത്തില്‍ ചുരുക്കം കോഴ്‌സുകള്‍ക്ക് മാത്രമാകും ബാധകമാകുക.

പഠിച്ച കാര്യങ്ങള്‍ വിശകലനം ചെയ്ത് ഉത്തരം എഴുതേണ്ടി വരും. അത്തരത്തിലായിരിക്കും ചോദ്യങ്ങള്‍. പാഠഭാഗങ്ങള്‍ മനപാഠമാക്കി ഉത്തരമെഴുതുന്ന സമ്പ്രദായമാണ് ഇതോടെ മാറുന്നത്. അപഗ്രഥന ശേഷിയാവും പരീക്ഷകളില്‍ വിലയിരുത്തുക.

ചില വിഷയങ്ങളില്‍ ഓപ്പണ്‍ബുക്ക് പരീക്ഷയാവാമെന്ന് കരിക്കുലം ഫ്രെയിംവര്‍ക്കില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. സര്‍വകലാശാലകളിലെ ബോര്‍ഡ് ഒഫ് സ്റ്റഡീസാണ് ഏതൊക്കെ കോഴ്‌സുകളിലാവാമെന്ന് തീരുമാനിക്കേണ്ടത്.

എം.ജി സര്‍വകലാശാലാ വി.സി ഡോ.സി.ടി അരവിന്ദകുമാര്‍ അധ്യക്ഷനായ പരീക്ഷാ പരിഷ്‌കരണ സമിതി ഓപ്പണ്‍ബുക്ക് പരീക്ഷ തുടങ്ങാന്‍ ശുപാര്‍ശ ചെയ്തിരുന്നു. സാങ്കേതിക, എം.ജി വാഴ്‌സിറ്റികളില്‍ ഇന്റേണല്‍ മാര്‍ക്കിനായി ചില വിഷയങ്ങളില്‍ ഓപ്പണ്‍ബുക്ക് പരീക്ഷയുണ്ട്. പ്രായോഗിക ജ്ഞാനം പരിശോധിക്കുന്ന പരീക്ഷകളിലാവും ആദ്യം നടപ്പാക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വകുപ്പുതല പരീക്ഷകള്‍ ഓപ്പണ്‍ബുക്ക് രീതിയിലാണ്.

ചിന്താശക്തി, പ്രശ്‌നപരിഹാരത്തിനുള്ള മിടുക്ക്, ടീം വര്‍ക്ക്, ആശയവിനിമയം, സാമൂഹ്യഇടപെടല്‍ എന്നിവ വര്‍ധിപ്പിക്കാനും സൃഷ്ടിപരമായ കഴിവുകള്‍ വികസിപ്പിക്കാനും നാല് വര്‍ഷ ബിരുദ പഠനത്തിന്റെ ഭാഗമായ ഫൗണ്ടേഷന്‍ കോഴ്‌സുകളില്‍ ഓപ്പണ്‍ബുക്ക് പരീക്ഷ നടപ്പാക്കിയേക്കും.
കാലാവസ്ഥാ വ്യതിയാനം, സാമൂഹ്യ-ലിംഗ തുല്യത, സമൂഹം, ഭരണഘടന, സമ്പദ് വ്യവസ്ഥ എന്നിവയിലാണ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍. ആര്‍ട്‌സ്, സയന്‍സ് വിഷയങ്ങളില്‍ ഓപ്പണ്‍ബുക്ക് പരീക്ഷ സാധ്യമാണ്.

അതേസമയം പുസ്തകത്തിലുള്ളത് അതേപടി എഴുതാവുന്ന തരം ചോദ്യങ്ങളുണ്ടാവില്ല. വിശകലന സ്വഭാവത്തില്‍ ഉത്തരമെഴുതേണ്ടതും പ്രോബ്ലം സോള്‍വിങ് രീതിയിലുള്ളതുമായിരിക്കും ചോദ്യങ്ങള്‍. ചോദ്യം കൃത്യമായി മനസിലാക്കുകയാണ് പ്രധാനം. ബുദ്ധിയും വിശകലനശേഷിയും ഉപയോഗിച്ചാണ് ഉത്തരം കണ്ടെത്തേണ്ടത്. നന്നായി പഠിക്കുന്നവര്‍ക്കേ ഇതു കണ്ടെത്താനാവൂ. പുസ്തകം റഫറന്‍സിന് മാത്രമാണ്.

ഡല്‍ഹി, പോണ്ടിച്ചേരി, ജാമിയാമില്യ, ബനാറസ്, ഗോഹട്ടി, അണ്ണാ വാഴ്‌സിറ്റികളും നാഷണല്‍ ലോ സ്‌കൂള്‍ അടക്കമുള്ളവയും ഓപ്പണ്‍ബുക്ക് പരീക്ഷ നടത്തുന്നുണ്ട്. ലോകത്ത് മിക്ക വാഴ്‌സിറ്റികളിലും ഓപ്പണ്‍ബുക്ക് പരീക്ഷയുണ്ട്. കേരളത്തിലെ എന്‍ജിനിയറിങ് കോളജുകളില്‍ ഓപ്പണ്‍ബുക്ക് പരീക്ഷയ്ക്കായി മാനേജ്‌മെന്റുകളുമായി സാങ്കേതിക സര്‍വകലാശാല ചര്‍ച്ച തുടങ്ങി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.