തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണങ്ങള്‍ നിക്ഷേധിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മനസാ വാചാ അറിയാത്ത കാര്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്.
താനവിടെയുണ്ടായിരുന്നു എന്ന് അതിജീവിതയും സാക്ഷികളും പറഞ്ഞിട്ടില്ല. അതിജീവിത നല്‍കാത്ത രഹസ്യ മൊഴി സിപിഎം സംസ്ഥാന സെക്രട്ടറിക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. തന്നെ കേസില്‍ പ്രതിയാക്കുന്നത് സിപിഎം ആണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഏത് നെറികെട്ട കാര്യത്തിനും സിപിഎം തയാറാകുമെന്ന് ഇതിലൂടെ മനസിലായെന്നും അദേഹം പറഞ്ഞു.
പോക്സോ കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
ഈ വാദം ക്രൈം ബ്രാഞ്ച് തള്ളിയിരുന്നു. സുധാകരനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത് തട്ടിപ്പു കേസിലാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തു.