ഇന്ന് ദേശീയ വായന ദിനം
കൊച്ചി: പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ; പുത്തനൊരു ആയുധമാണ് നിനക്കത് പുസ്തകം കയ്യിലെടുത്തോളൂ എന്ന വരികള്‍ മലയാളികള്‍ ഏറ്റെടുത്തു പാടിയതാണ്. ഈ വരികള്‍ പകര്‍ന്നു തരുന്നത് വായനയുടെ മേന്മയാണ്. പൂര്‍ണമായ അര്‍ത്ഥം ഇതാണ്; പട്ടിണിയാണെങ്കിലും നീ വായന ശീലമാക്കണം. വായന ശീലിച്ചാല്‍ നിന്നെ പട്ടിണിക്കിട്ട വ്യക്തിയോട് നിവര്‍ന്ന് നിന്നൊരു ചോദ്യം ചോദിക്കാന്‍ നിനക്ക് ആയുധമാകുമെന്നായിരുന്നു ഈ കവിതയുടെ സന്ദേശം.
ദേശീയ വായന ദിനമായ ഇന്ന് വായനയുടെ കൂടുതല്‍ അര്‍ത്ഥ തലങ്ങള്‍ നമ്മുടെ ജീവിതത്തിലും സ്വായത്തമാക്കേണ്ടതുണ്ട്. മലയാളികളുടെ മനസിലേക്ക് വായനാദിനം എന്ന് പറയുമ്പോള്‍ ആദ്യമെത്തുന്ന പേര് പി.എന്‍ പണിക്കര്‍ എന്നാണ്. പി.എന്‍ പണിക്കരെന്ന് എല്ലാവരും ഏറെ ബഹുമാനത്തോടെ പറയുമെങ്കിലും അദ്ദേഹത്തിന്റെ പൂര്‍ണ നാമം പുതുവയില്‍ നാരായണപ്പണിക്കര്‍ എന്നാണ്.
'വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക' എന്ന മുദ്രാവാക്യത്തിലൂടെ സമൂഹത്തിന് വായനയുടെ പ്രാധാന്യം വിളിച്ചോതിയ വ്യക്തിത്വമാണ് അദ്ദേഹം. സനാതന ധര്‍മ്മം എന്ന പേരില്‍ വായനശാല സ്ഥാപിച്ചു കൊണ്ടാണ് അദ്ദേഹം കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് 1945 ല്‍ തുടക്കം കുറിച്ചത്.
1909 മാര്‍ച്ച് ഒന്നിന് ആലപ്പുഴയിലാണ് ജനനം. 1995 നാണ് മരണം. 1996 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായും അന്നുമുതല്‍ ഒരാഴ്ച വായന വാരമായി കേരള വിദ്യാഭ്യാസ വകുപ്പ് വിവിധ തരം മത്സരങ്ങളും വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്നു. 2017 മുതല്‍ ദേശീയ വായന ദിനമായും ആചരിക്കുന്നു.
വായന മഹത്തായ ഒരു സംസ്‌കാരമാണ്. വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും ; എന്നാല്‍ വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും ഈ വരികള്‍ വായന ദിനത്തില്‍ എപ്പോഴും നാം ചര്‍ച്ച ചെയ്യുന്നവയാണ്. വായിക്കണമെങ്കില്‍ പുസ്തകം കയ്യില്‍ കരുതേണ്ട ആവശ്യമില്ല. കാരണം, കാലം ഇന്ന് അത്രത്തോളം മാറിയിരിക്കുന്നു. ഇന്ന് ഇ- ബുക്കിലൂടെയും നമ്മുടെ കൈയിലെ സ്മാര്‍ട്ട് ഫോണിലൂടെയും യഥേഷ്ടം വായിക്കുവാന്‍ സാധിക്കും. സമഗ്ര വായന ഉള്ള ഒരു വ്യക്തിക്ക് മാത്രമേ സഹജീവിയെ പോലും തൊട്ടറിയാന്‍ സാധിക്കുകയുള്ളു. സഹജീവികളെ അടുത്തറിയാനും അവരുടെ പ്രശ്‌നങ്ങളെ തിരിച്ചറിയാനും വായന ഒരു പരിധി വരെ സഹായകരമാണ്.
1996 മുതല്‍ 2016 വരെ കേരളത്തില്‍ മാത്രമായിരുന്നു വായന ദിനം ആചരിച്ചിരുന്നത്. എന്നാല്‍ 2017 മുതല്‍ ജൂണ്‍ 19 ദേശീയ വായന ദിനമായി മാറുകയുണ്ടായി. ഇന്ന് ഏതറിവും ഒറ്റ ക്ലിക്കില്‍ ലഭ്യമാകത്തക്ക സംവിധാനങ്ങളിലേക്ക് ലോകം മാറിയിരിക്കുന്നു. എന്നാല്‍ ലിഖിതങ്ങളായ അറിവുകളിലൂടെ പകര്‍ന്നു തരുന്നത് വിശാലമായ ലോകത്തിന്റെ വാതായനം കൂടെയാണ്. വായനയില്‍ ലഹരി കണ്ടെത്തുന്നവരാകണം ചെറുപ്പക്കാര്‍.
ഇക്കാലത്തെ യുവജനങ്ങള്‍ക്ക് വായനയോടുള്ള താല്‍പര്യം കുറവാണ്. നമുക്ക് എന്തെങ്കിലും എഴുതണമെങ്കില്‍ ആശയവും ഭാഷയും കൈമുതലായി വേണം. ആശയവും ഭാഷയും ലഭ്യമാകണമെങ്കില്‍ വിശ്രമമില്ലാത്ത വായനയുള്ളവരാകണം.വായന മനസിനെ ഏകാഗ്രമാക്കി ഭാഷയുടെ പദശുദ്ധി നമ്മളെ ഉള്ളിലേക്ക് പകര്‍ന്നു തരികയും ചെയ്യും.
വായന ആശയങ്ങള്‍ സമ്മാനിക്കും. നല്ല ആശയങ്ങള്‍ പല തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കാന്‍ സാധിക്കും. അങ്ങനെ പറയുകയാണെങ്കില്‍ വായനയ്ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരമുള്ള ഈ കാലത്തും ലൈബ്രറികള്‍ക്ക് അതിന്റേതായ പ്രാധാന്യമുണ്ടെന്ന കാര്യത്തിലും യാതൊരു സംശയവും വേണ്ട. ഈ ദിനത്തില്‍ നാം തന്നെ ചിന്തിക്കുക; നമുക്ക് വായിച്ച് വളരണോ അതോ വായിക്കാതെ വളയണമോയെന്ന്.