രജിസ്ട്രാര്‍ നിയമനം: കേരള സര്‍വകലാശാലയിലെ ഡെപ്യൂട്ടേഷന്‍ ചട്ടവിരുദ്ധം; വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍

രജിസ്ട്രാര്‍ നിയമനം: കേരള സര്‍വകലാശാലയിലെ ഡെപ്യൂട്ടേഷന്‍ ചട്ടവിരുദ്ധം; വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ചട്ട വിരുദ്ധമായി രജിസ്ട്രാര്‍ തസ്തികയില്‍ തുടരുന്ന ഡോ. അനില്‍ കുമാറിനെ പുറത്താക്കണമെന്ന പരാതിയില്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.

രജിസ്ട്രാര്‍ തസ്തികയിലേക്ക് സംസ്ഥാന സര്‍വീസിലോ കേന്ദ്ര സര്‍വീസിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഡെപ്യൂട്ടേഷന്‍ നിയമനത്തിനു അപേക്ഷിക്കാവുന്നത്. നിയമനം ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണെന്നത് അടിസ്ഥാനത്തിലാണെന്ന് മറച്ചാണ് കേരള സര്‍വകലാശാല ഉത്തരവിറക്കിയത്.

രജിസ്ട്രാര്‍ക്ക് ഡെപ്യൂട്ടേഷന്‍ അനുവദിച്ചതായി സര്‍ക്കാര്‍ ഉത്തരവിലും പറയുന്നു. സര്‍വകലാശാല നല്‍കിയ വിവരാവകാശ രേഖയിലും നിയമനം ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.

ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ് പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിക്കുമ്പോഴാണ് രജിസ്ട്രാറായി നിയമനം നല്‍കിയത്. രജിസ്ട്രാറായി തുടരുമ്പോഴും പ്രിന്‍സിപ്പാലിന്റെ ശമ്പളത്തോടൊപ്പമുള്ള 6750 രൂപ അലവന്‍സ് നിയമ വിരുദ്ധമായി ശമ്പളത്തോടൊപ്പം മാസം തോറും കൈപ്പറ്റുന്നതായും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

ഇപ്പോള്‍ രജിസ്ട്രാര്‍ ആയി നിയമിച്ചിരിക്കുന്ന ഡോ. അനില്‍ കുമാര്‍ ഒരു സ്വകാര്യ കോളജ് അധ്യാപകനാണ്. സമാനമായ സംഭവത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ രജിസ്ട്രാറായ അധ്യാപകന് ഹൈക്കോടതി ഉത്തരവിലൂടെ പിരിഞ്ഞു പോകേണ്ടി വന്നിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.