സംസ്ഥാനത്ത് വീണ്ടും പനി മരണം; അതീവ ജാഗ്രത വേണമെന്ന് മന്ത്രി

സംസ്ഥാനത്ത് വീണ്ടും പനി മരണം; അതീവ ജാഗ്രത വേണമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടുമൊരു പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖിലയാണ് (32) ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് എലിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.

സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണെന്നും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പു നൽകി. ഡെങ്കി പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. കൊവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിംഗ് സെൽ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.