ദുബായ്: 2022 -23 സാമ്പത്തികവർഷത്തില്‍ റെക്കോർഡ് ലാഭം നേടി എമിറേറ്റ്സ് ഗ്രൂപ്പ്. ഇതോടെ ജൂലൈ മുതല്‍ ജീവനക്കാർക്ക് ശമ്പളവർദ്ധനവ് പ്രഖ്യാപിച്ചു. അടിസ്ഥാന ശമ്പളത്തിൽ അഞ്ചു ശതമാനമാണ് വർധന. താമസം, യാത്ര ആനുകൂല്യങ്ങളിലും ആനുപാതികമായി വർധന വരുത്തും.
കോവിഡ് കാലത്തിന് ശേഷം യാത്രകള്‍ പുനരാരംഭിച്ചതോടെ വ്യോമ മേഖല പഴയ പ്രതാപത്തിലേക്ക് ഉയർന്നിരുന്നു. സെപ്റ്റംബർ മുതൽ ജീവനക്കാരുടെ വിദ്യാഭ്യാസ ആനുകൂല്യത്തിൽ 10 ശതമാനം വർധനയും കമ്പനി വാഗ്ദാനംചെയ്യുന്നുണ്ട്. ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബോണസിലും ഇത്തവണ വർദ്ധനവുണ്ട്.
24 ആഴ്ചത്തെ ശമ്പളമാണ് ബോണസായി നല്‍കുന്നത്. 1,02,379 ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും. മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തിൽ കമ്പനിയുടെ ലാഭം 10.9 ശതകോടിയിലെത്തിയിരുന്നു.