ദുബായ്: ഈദ് അല്‍ അദയോട് അനുബന്ധിച്ച് 650 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ഉത്തരവ്. വിവിധ കേസുകളില്‍ പെട്ട് തടവുശിക്ഷ അനുഭവിക്കുന്നവരെ വിട്ടയക്കാനാണ് ഉത്തരവില്‍ പറയുന്നത്. ചെയ്ത തെറ്റുകളില്‍ പശ്ചാത്തപിക്കാനും പുതിയ ജീവിതം തുടങ്ങാനും കുടുംബത്തോടൊന്നിച്ച് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുളള അവസരം നല്‍കുകയെന്നുളളതുമാണ് മാപ്പ് നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും വിശേഷാവസരങ്ങളില്‍ ഇത്തരത്തില്‍ തടവുകാർക്ക് മോചനം നല്‍കാറുണ്ട്. ഈദ് അല്‍ അദയോട് അനുബന്ധിച്ച് 988 തടവുകാരെ മോചിപ്പിക്കാന്‍ കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടിരുന്നു.