ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ കഴിയുന്ന മുൻ എസ്എഫ്ഐ നേതാവിനെ സിപിഎമ്മിൽ നിന്നും പുറത്താക്കി. കായംകുളം മാർക്കറ്റ് ബ്രാഞ്ച് അംഗമായിരുന്ന നിഖിലിനെ സിപിഎം ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്.
എംകോമിന് പ്രവേശനം നേടിയത് ബികോം പാസാകാതെയാണെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ എസ്എഫ്ഐ നിഖിൽ തോമസിനെ പുറത്താക്കിയിരുന്നു. പിന്നാലെയാണ് സിപിഎമ്മിൻറേയും നടപടി. നിഖിൽ ഹാജരാക്കിയ കലിംഗ സർവകാലാശാലയുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാലയും കേരള സർവകലാശാലയും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഇയാളെ കൊളജിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
നിഖിൽ തോമസ് നടത്തിയത് ഗുരുതര കുറ്റമെന്ന് കേരള സർവകലാശാല സിൻഡിക്കേറ്റംഗം കെ.എച്ച് ബാബുജാൻ പറഞ്ഞു. നിയമ വിരുദ്ധ പ്രവർത്തനം നടത്താൻ തന്റെ പേര് ഉപയോഗപ്പെടുത്തുന്നത് ശരിയല്ല. നിരവധി പേർ അഡ്മിഷൻ ആവശ്യത്തിന് മുന്നിൽ വരാറുണ്ട്. ആർക്കൊക്കെ അഡ്മിഷൻ നൽകി എന്നത് ഓർത്തുവെയ്ക്കാറില്ലെന്നും ബാബുജാൻ മാധ്യമങ്ങളോട് പറഞ്ഞു.