റിയാദ്: 2030 ല്‍ നടക്കാനിരിക്കുന്ന വേള്‍ഡ് എക്സ്പോയ്ക്ക് ആതിഥേയത്വം വഹിക്കാനുളള റിയാദ് എക്സ്പോ 2030 യുടെ വിശദാംശങ്ങള്‍ സൗദി അറേബ്യ അവതരിപ്പിച്ചു. പാരീസിലെ ഇന്‍റർനാഷണല്‍ ബ്യൂറോ ഓഫ് എക്സിബിഷനിലാണ് വിശദാംശങ്ങള്‍ അവതരിപ്പിച്ചത്.
എക്സ്പോയ്ക്ക് ആതിഥേയത്വം വഹിക്കാനുളള അവസരം ലഭിച്ചാല്‍ അത് സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവം നല്കുന്നമേളയാക്കി മാറ്റുമെന്ന് റിയാദ് സിറ്റിയുടെ റോയൽ കമ്മീഷൻ സിഇഒ എന്‍ജി ഇബ്രാഹിം ബിന്‍ മുഹമ്മദ് അല്‍ സുല്‍ത്താന്‍ പറഞ്ഞു. 200 രാജ്യങ്ങളെ ഒരുമിപ്പിക്കുന്നതായിരിക്കും എക്സ്പോ.
7ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലായിരിക്കും എക്സ്പോ നഗരി ഒരുങ്ങുക. 780 കോടി ഡോളറിന്‍റെ ബജറ്റാണ് സൗദി എക്സ്പോയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ആഗോള സ്വാധീനമുള്ള പദ്ധതികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും നവീകരണത്തിലൂടെയും സുസ്ഥിരതയിലൂടെയും പൊതുവായ വെല്ലുവിളികൾക്ക് ആഗോള പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ സഹകരിക്കാനുമുള്ള അവസരമായിരിക്കും റിയാദ് എക്‌സ്‌പോ എന്ന് ജനറൽ അസംബ്ലി യോഗത്തിൽ സംസാരിച്ച സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.
പവിലിയനുകൾ നിർമിക്കാനും അറ്റകുറ്റപ്പണികൾക്കും സാങ്കേതിക വിദ്യക്കും മറ്റും പിന്തുണ നൽകുന്നതിന് 100 രാജ്യങ്ങളെ സഹായിക്കാൻ 34.3 കോടി ഡോളർ സൗദി അറേബ്യ നീക്കിവെച്ചിട്ടുണ്ട്.
2030 റിയാദ് എക്‌സ്‌പോ നാലു കോടി സന്ദർശകരെ സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍. വിസകൾ അനുവദിക്കൽ, വിമാനത്താവളങ്ങളിൽ പ്രത്യേക ഫാസ്റ്റ് ഗെയ്റ്റുകൾ സ്ഥാപിക്കൽ എന്നിവ അടക്കം സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഊന്നൽ നൽകുന്ന യാത്രാനുഭവം എക്‌സ്‌പോ സന്ദർശകർക്ക് സൗദി അറേബ്യ നൽകുമെന്നും അമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ രാജകുമാരി പറഞ്ഞു.
നവംബറിലായിരിക്കും എക്സ്പോ 2030 യുടെ ആതിഥേയത്വം ആർക്കായിരിക്കുമെന്നുളളത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുക.റിയാദിനെ കൂടാതെ ദക്ഷിണ കൊറിയയിലെ ബുസാൻ, ഇറ്റലിയിലെ റോം, ഉക്രെയിനിലെ ഒഡേസ എന്നിവരും മത്സരരംഗത്തുണ്ട്.