അബുദാബി: ശരീരത്തില്‍ ലഹരിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. സന്ദർശക വിസയില്‍ ഈ മാസം 3 ന് എത്തിയ എറണാകുളം സ്വദേശിയാണ് അറസ്റ്റിലായത്.
യുഎഇയിലെത്തിയ യുവാവ് തലകറങ്ങി വീണതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ ലഹരിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. നാട്ടില്‍ നിന്നാണ് ലഹരി ഉപയോഗിച്ചതെന്ന് യുവാവ് വ്യക്തമാക്കിയെന്നാണ് വിവരം. ചികിത്സയ്ക്കുശേഷം കസ്റ്റഡിയിൽ എടുത്ത യുവാവിനെ അൽ വത്ബ ജയിലിലേക്കു മാറ്റി.
നാട്ടിൽ വച്ച് ലഹരി ഉപയോഗിച്ചാലും വിദേശ രാജ്യത്തെ നിയമമനുസരിച്ച് ശിക്ഷ അനുഭവിക്കേണ്ടിവരും. ലഹരിയുടെ സ്വഭാവമനുസരിച്ച് 3 മുതൽ 28 ദിവസം വരെ ശരീരത്തിൽ സാന്നിധ്യമുണ്ടാകാറുണ്ട്. ഉപയോഗിച്ച ലഹരി ഏതാണെന്നത് അനുസരിച്ചായിരിക്കും ശിക്ഷ.