'കൈതോലപ്പായില്‍ പൊതിഞ്ഞ് പണം കടത്തിയതിനെക്കുറിച്ച് അന്വേഷിക്കണം; മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം': വി.ഡി സതീശന്‍

 'കൈതോലപ്പായില്‍ പൊതിഞ്ഞ് പണം കടത്തിയതിനെക്കുറിച്ച് അന്വേഷിക്കണം; മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം': വി.ഡി സതീശന്‍

ന്യൂഡല്‍ഹി: കൈതോലപ്പായയില്‍ പൊതിഞ്ഞ് കോടികള്‍ കടത്തിയതായി ദേശാഭിമാനി മുന്‍ പത്രാധിപസമിതിയംഗം ജി. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ആരോപണ വിധേയന്‍ മുഖ്യമന്ത്രിയാണന്ന് വ്യക്തമാണ്. മുഖ്യമന്ത്രിക്ക് റിയല്‍ എസ്റ്റേറ്റുകാരുമായി ചേര്‍ന്ന് 1500 ഏക്കര്‍ ഭൂമി ഉണ്ടെന്ന് കര്‍ണാടകയിലെ മാധ്യമ പ്രവര്‍ത്തക വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിലും അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിനെതിരേ കേസെടുക്കുന്നതിലെ ഔത്സുക്യം ഇപ്പോഴുണ്ടോ എന്നും അന്വേഷണത്തില്‍ ഇരട്ടനീതി പാടില്ലെന്നും സതീശന്‍ പറഞ്ഞു. ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്കായി ന്യൂഡല്‍ഹിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ദേശാഭിമാനി മുന്‍ പത്രാധിപ സമിതിയംഗം ജി. ശക്തിധരന്‍ മുഖ്യമന്ത്രിക്കെതിരേ നടത്തിയിരിക്കുന്നത് ഗുരുതര ആരോപണമാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന സമയത്ത് കലൂരിലെ ദേശാഭിമാനി ഓഫീസില്‍ വിവിധ ആളുകളില്‍ നിന്നായി ശേഖരിച്ച പണം കൈതോല പായയില്‍ കെട്ടി കാറില്‍ കയറ്റി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി എന്നാണ് ആരോപണം.

നിലവിലെ മന്ത്രിസഭയില്‍ അംഗമായിരിക്കുന്ന നേതാവും കാറില്‍ ഉണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. 2.35 കോടി രൂപയാണ് കൊണ്ടുപോയത്. 20 ലക്ഷം രൂപ തിരുവനന്തപുരത്ത് വാങ്ങിയതിന്റെയും കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. എവിടെനിന്നാണ് പണം കിട്ടിയത് എന്ന് അന്വേഷണം നടത്തണ്ടേ?

പിണറായി വിജയന്റെ കൂടെനിന്ന് പണം എണ്ണി തിട്ടപ്പെടുത്തിയ ആള്‍ വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ അതില്‍ അന്വേഷണം നടത്താന്‍ ധൈര്യമുണ്ടോയെന്നും വി.ഡി സതീശന്‍ ചോദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.