ലണ്ടന്‍: കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. അക്രമത്തിന്റെയും ഭയത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ഉപയോഗിക്കാന്‍ ബ്രിട്ടീഷ് പതാക വിട്ടുകൊടുക്കില്ലെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി. ബ്രിട്ടന്റെ പതാക വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നതാണ്. ഈ രാജ്യത്തിന്റെ തെരുവുകളില്‍ പശ്ചാത്തലമോ ചര്‍മ്മത്തിന്റെ നിറമോ കാരണം ആരും ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
സഹിഷ്ണുത, വൈവിധ്യം, ബഹുമാനം എന്നിവയില്‍ അഭിമാനത്തോടെ കെട്ടിപ്പടുത്ത രാഷ്ട്രമാണ് ബ്രിട്ടണെന്നും പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. തീവ്ര വലതുപക്ഷ സംഘടനയുടെ കുടിയേറ്റ വിരുദ്ധ മാര്‍ച്ചില്‍ ഒന്നര ലക്ഷം പേര്‍ പങ്കെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ത്യാക്കാര്‍ക്ക് അടക്കം ആശങ്ക വര്‍ധിപ്പിക്കുന്ന പതിനായിരങ്ങള്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലിയില്‍ ലണ്ടന്‍ നഗരം മുങ്ങുകയായിരുന്നു.
രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിന്‍സണിന്റെ നേതൃത്വത്തില്‍ ചെറു സംഘങ്ങളായി എത്തിയ ഒരു ലക്ഷത്തില്‍പരം ജനമാണ് ലണ്ടന്‍ നഗരത്തില്‍ പ്രതിഷേധിച്ചത്. ഇവര്‍ക്കെതിരെ നഗരത്തില്‍ പലയിടത്തായി അണിനിരന്നവരുമായി സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ ക്രൂര മര്‍ദനത്തിന് ഇരയായിരുന്നു. ആയിരത്തോളം പൊലീസുകാരാണ് റാലിയെ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.
പ്രതിഷേധക്കാരുടെ മര്‍ദനത്തില്‍ 26 പൊലീസുകാര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. പല്ല് പൊട്ടിയവരും മൂക്കിന്റെ പാലം തകര്‍ന്നവരും നട്ടെല്ലിന് പരിക്കേറ്റവരും ഉണ്ട്. 25 ഓളം പ്രതിഷേധക്കാരെ വിവിധ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതീക്ഷിച്ചതിലേറെ ജനമെത്തിയത് പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്നാണ് വിവരം.
ഫാസിസ്റ്റ് വിരുദ്ധവാദികളും വംശീയ വിരുദ്ധവാദികളും മറുപക്ഷത്ത് അണിനിരന്നതോടെയാണ് പലയിടത്തും കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് പോയത്.