ന്യൂഡല്‍ഹി: ഇഎസ്‌ഐ പദ്ധതിയില്‍ അംഗമാകാനുള്ള ശമ്പള പരിധി 30,000 രൂപയാക്കി ഉയര്‍ത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയില്‍. നിലവില്‍ 21,000 രൂപയാണ് പദ്ധതിയില്‍ അംഗമാകാനുള്ള ശമ്പള പരിധി.
കഴിഞ്ഞ എട്ട് വര്‍ഷമായി ഇതേ നിലയില്‍ തുടരുന്നതിനാല്‍ ഒരു കോടിയോളം ആളുകള്‍ സൗജന്യ ചികിത്സാ ആനുകൂല്യത്തില്‍ നിന്നും പുറത്തായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം അടിയന്തരമായി പരിഗണിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അനുമതിക്ക് പിന്നാലെ തൊഴില്‍ മന്ത്രാലയവും ഇഎസ്‌ഐ കോര്‍പ്പറേഷനും ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിക്കും. കൂടാതെ ഈഎസ്‌ഐ ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങളില്ലെങ്കില്‍ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാമെന്ന തരത്തില്‍ മാനദണ്ഡം പുതുക്കും.
നിലവില്‍ 3.72 കോടി പേര്‍ പദ്ധതിയില്‍ അംഗങ്ങളാണ്. അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ കൂടിയാകുമ്പോള്‍ 14.43 കോടി ആളുകള്‍ക്കാണ് സൗജന്യ ചികിത്സ ലഭിക്കുന്നത്. ആകെ ശമ്പളത്തിന്റെ നാല് ശതമാനമാണ് പദ്ധതിയിലേക്ക് അടയ്ക്കുന്നത്. ഇതില്‍ 0.75 ശതമാനം തൊഴിലാളിയും ബാക്കി തൊഴിലുടമയുമാണ് നല്‍കേണ്ടത്.