കൊച്ചി: ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട കേസില്‍ ഇഡി കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കരാര്‍ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. കോണ്‍സുലേറ്റ് ജനറലിന് കമ്മീഷന്‍ ലഭിക്കുന്നതിനാണ് കരാര്‍ അട്ടിമറിച്ചത്. കേസില്‍ ഇഡി കലൂര്‍ പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്ന സുരേഷിന്റെ വിശദമായ മൊഴിയുള്ളത്.
ടെന്ററില്ലാതെ കരാറുകാരെ തിരഞ്ഞെടുക്കാനുള്ള ചുമതല കോണ്‍സുല്‍ ജനറിലിന് നല്‍കിയത് കമ്മീഷന്‍ തുക ഉറപ്പിക്കാനാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിയിലാണെന്നും സ്വപ്ന ഇഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ്. ഈ ചര്‍ച്ചകളില്‍ മുഖ്യമന്ത്രിക്കും എം. ശിവശങ്കറിനുമൊപ്പം താനും പങ്കെടുത്തുവെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
2019 ലെ ധാരണാപത്രമനുസരിച്ച് കരാറുകാരെ കണ്ടെത്തുന്നതും നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുമെല്ലാം സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ആകണമെന്നാണ്. ഭവന പദ്ധതിക്കായി റെഡ്ക്രസന്റ് നല്‍കുന്ന തുക സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറുകയെന്നത് മാത്രമായിരുന്നു യുഎഇ കോണ്‍സുലേറ്റിന്റെ ചുമതല. എന്നാല്‍ ധാരണാപത്രം ഒപ്പിട്ടതിന്റെ അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്ന് ടെന്റര്‍ വിളിക്കാതെ കരാറുകാരെ തിരഞ്ഞെടുക്കാനുള്ള ചുമതല കോണ്‍സുല്‍ ജനറലിന് നല്‍കി. കോണ്‍സുല്‍ ജനറലിന് പദ്ധതിയുടെ കമ്മീഷന്‍ കൈക്കലാക്കാനായാണ് ഇങ്ങനെ ചെയ്തതെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് ലൈഫ്മിഷന്‍ കരാര്‍ അട്ടിമറിക്കപ്പെട്ടതെന്നുമാണ് സ്വപ്നയുടെ മൊഴി.
നിലവില്‍ 11 പേരെ പ്രതികളാക്കി കുറ്റപത്രം നല്‍കിയ കേസില്‍ ഇഡി അന്വേഷണം തുടരുകയാണ്. കൂടുതല്‍ പേരുടെ പങ്കാളിത്തം കണ്ടെത്തിയാല്‍ അധിക കുറ്റപത്രം നല്‍കും.