കല്‍പ്പറ്റ: തോട്ടികെട്ടി പോയ കെഎസ്ഇബിയുടെ ജീപ്പിനും ഡ്രൈവര്‍ക്കും എ.ഐ ക്യാമറ പിഴ ചുമത്തിയതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ബില്ലടയ്ക്കാന്‍ കാലതാമസം വരുത്തി എന്ന കാരണം ചുമത്തിയാണ് കല്‍പറ്റയിലെ ഓഫീസിന്റെ ഫ്യൂസ് ഊരിയെടുത്തത്.
തോട്ടി കെട്ടി വാഹനമോടിച്ചതിന് 20,000 രൂപയും സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ഡ്രൈവര്‍ക്ക് 500 രൂപയുമാണ് എംവിഡി പിഴയിട്ടത്. ഇതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസ് കെട്ടിടത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി പ്രതികരിച്ചത്.
മരങ്ങളുടെ ചില്ല വെട്ടാന്‍ തോട്ടിയുമായി പോയപ്പോഴാണ് കഴിഞ്ഞയാഴ്ച കെഎസ്ഇബിയുടെ ജീപ്പിന് പിഴശിക്ഷ ലഭിച്ചത്. ഇതിന് മറുപടിയായി റോഡ് ക്യാമറ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസാണ് ഇന്ന് കെഎസ്ഇബി ഊരിയത്.
തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ എമര്‍ജന്‍സി ഫണ്ടില്‍ നിന്നും പണമെടുത്ത് ബില്ലടച്ചു. ഇതോടെ വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിച്ചു. സാധാരണ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബില്ലടയ്ക്കാന്‍ കാലതാമസം വന്നാലും സാവകാശം നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ലെന്നാണ് എംവിഡി ഉദ്യോഗസ്ഥര്‍ പറയുന്നത്.