സര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നു; മുഖ്യമന്ത്രിയുടെ പേരിലുയര്‍ന്ന ആരോപണം തേച്ചുമായ്ച്ചു കളയാന്‍ ശ്രമമെന്ന് ചെന്നിത്തല

സര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നു; മുഖ്യമന്ത്രിയുടെ പേരിലുയര്‍ന്ന ആരോപണം തേച്ചുമായ്ച്ചു കളയാന്‍ ശ്രമമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശക്തിധരന്റെ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിജിപി, എഡിജിപിക്ക് കേസ് കൈമാറിയത് കേസ് തേച്ചു മായ്ചുകളയാന്‍ വേണ്ടിയാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

എവിടെയാണോ സംഭവം നടന്നത് ആ സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയത് അന്വേഷിക്കുകയാണ് സാധാരണ ഗതിയില്‍ ചെയ്യേണ്ടത്. മുഖ്യമന്ത്രിയുടെ പേരിലുയര്‍ന്ന ആരോപണമായതുകൊണ്ട് കേസ് തേച്ച് മായിച്ചുകളയാന്‍ എഡിജിപിയെ ഏല്‍പ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. പൊലീസ് നടപടികളെപ്പറ്റി പരിചയമുള്ള ഒരാളും ഇത് അംഗീകരിക്കില്ല. സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പരമാവധി വൈകിപ്പിച്ച് കേസ് ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നില്‍.

ദേശാഭിമാനി പോലൊരു പത്രത്തിലെ അസോസിയേറ്റ് എഡിറ്ററായിരുന്ന ശക്തിധരന്റെ വെളിപ്പെടുത്തല്‍ എന്തുകൊണ്ട് അന്വേഷിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പരാതി കിട്ടിയാല്‍ മാത്രമേ കേന്ദ്ര ഏജന്‍സിക്ക് അന്വേഷിക്കാന്‍ സാധിക്കൂ എന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറയുന്നത്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള കള്ളക്കളിയുടെ ഭാഗമാണിത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികളായ ഇ.ഡിക്കും സി.ബി.ഐയ്ക്കും ഒരു പരാതിയുടെയും ആവശ്യം വന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കെപിസിസി പ്രസിഡന്റിനെ വേട്ടയാടാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നതെന്നും അത്തരത്തിലുള്ള വേട്ടയാടല്‍കൊണ്ട് കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയതിന് ശേഷമാണ് ഇത്തരം പ്രതിഭാസമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.