കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്ത സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തിരിച്ചടിക്കാനുള്ള വടിയായി മാറുകയാണ് കൈതോലപ്പായയില്‍ 2.35 കോടി രൂപ പൊതിഞ്ഞ് കടത്തിയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റീവ് എഡിറ്റര്‍ ജി. ശക്തിധരന്റെ ആരോപണം
ശക്തിധരന്റെ ആരോപണം ഏറ്റു പിടിച്ച് സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ബെന്നി ബഹനാന്‍ എംപി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയത്.
ജി.ശക്തിധരന്റെ ആരോപണത്തില്‍ ആരുടെയും പേര് എടുത്തു പറയുന്നില്ലെങ്കിലും വിരല്‍ ചൂണ്ടുന്നത് പിണറായി വിജയനിലേക്കാണെന്ന് വ്യക്തമാക്കി ആദ്യം രംഗത്തെത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്. തൊട്ടു പിന്നാലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളെല്ലാം പിണറായി വിജയനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
ശക്തിധരന്റെ വെളിപ്പെടുത്തല്‍ വളരെ ഗുരുതരമാണെന്നും എഫ്ഐആര്‍ ഇട്ട് പൊലീസ് അന്വേഷണം നടത്തണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശക്തിധരന്റെ ആരോപണത്തില്‍ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.
പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സനുമായി ബന്ധപ്പെട്ട കോഴക്കേസിലും അതിനുശേഷം മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബുവിന്റെ പരാതിയിലും സുധാകരന് എതിരായ അന്വേഷണം നടക്കുകയാണ്. ഇതില്‍ മോന്‍സന്‍ കേസില്‍ സുധാകരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എതിരായി പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണവും നടക്കുകയാണ്. ഈ രണ്ടു കേസുകളും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പ്രതിരോധത്തിലാക്കിയിരുന്നു. അതിനിടെയാണ് ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്ററും സിപിഎം സഹയാത്രികനുമായ ജി. ശക്തിധരന്റെ വെളിപ്പെടുത്തല്‍.