ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചിത്രങ്ങളുടെ ഉപയോഗം; വ്യക്തികളുടെ സ്വകാര്യത പരമ പ്രധാനമെന്ന് ഹൈക്കോടതി

ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചിത്രങ്ങളുടെ ഉപയോഗം; വ്യക്തികളുടെ സ്വകാര്യത പരമ പ്രധാനമെന്ന് ഹൈക്കോടതി

കൊച്ചി: ഓരോ വ്യക്തിയുടെയും സ്വകാര്യത പരമ പ്രധാനമാണെന്നും സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമാണന്നും ഹൈക്കോടതി. സ്വകാര്യതയെന്നത് അന്തസിന്റെ അടിസ്ഥാനവും വ്യക്തി വിശുദ്ധിയുടെ ആത്യന്തികമായ മാനദണ്ഡവുമാണെന്ന് ജസ്റ്റിസ് കെ ബാബു നിരീക്ഷിച്ചു.

അനാശാസ്യ പ്രവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ സ്ത്രീയുടെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

ആയുര്‍വേദ തെറാപ്പിസ്റ്റാണ് ഹര്‍ജിക്കാരി. ഇവരുടെയും ഒപ്പം പിടിയിലായ മറ്റൊരു യുവതിയുടെയും ചിത്രങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് നീക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശവും നല്‍കി.

സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായെന്നും പ്രൊഫഷണല്‍ പ്രാക്ടീസിനെയും സ്വകാര്യതയ്ക്കുള്ള അവകാശത്തെയും ബാധിക്കുകയാണെന്നും ഹര്‍ജിക്കാരി കോടതിയെ ബോധിപ്പിച്ചു. ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും ഓണ്‍ലൈന്‍ ഉള്ളടക്കം നീക്കം ചെയ്യാന്‍ നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.