ക്രൈസ്തവരും ഏകീകൃത സിവിൽ കോഡിനെ എതിർക്കുമോ?

ക്രൈസ്തവരും ഏകീകൃത സിവിൽ കോഡിനെ എതിർക്കുമോ?

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും എന്ന നിർബന്ധവുമായി ബിജെപി മുന്നോട്ടു വന്നിരിക്കുന്നു. ഈ ആശയത്തെ കുറേപ്പേർ എതിർക്കുന്നു, കുറേപ്പേർ അനുകൂലിക്കുന്നു. മറ്റു ചിലർ ഒന്നും അറിയാത്തതു കൊണ്ട് നിശബ്ദരായിരിക്കുന്നു.

ഇന്ത്യയിൽ ഏകീകൃത ക്രിമിനൽ നിയമമുണ്ട്. അതായത് ഒരാൾ കൊലപാതകം നടത്തിയാൽ കൊല നടത്തിയത് ഹിന്ദുവായാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും അവന് ക്രിമിനൽ നിയമത്തിലെ 302 ആം വകുപ്പനുസരിച്ച് ശിക്ഷ ലഭിക്കും.

എന്നാൽ സിവിൽ നിയമങ്ങൾ പല സംസ്ഥാനങ്ങളിലും പല സമുദായങ്ങൾക്കും വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ഇസ്ലാം നിയമപ്രകാരം ഒരാൾക്ക് 4 വിവാഹം വരെ കഴിക്കാം. എന്നാൽ ഹിന്ദു നിയമ പ്രകാരം ഒരാൾക്ക് ഒരു വിവാഹം മാത്രമേ നിയമപരമായി സാധിക്കു.

എന്താണ് ഏകീകൃത സിവില്‍ കോഡ്?

മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന പൗരന്മാരുടെ വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു നിർദേശമാണ് ഏകീകൃത സിവിൽ കോഡ്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്‌ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ ഒരു നിയമം ഏകീകൃത സിവില്‍ കോഡ് വ്യവസ്ഥ ചെയ്യുന്നു. ഗോവ മാത്രമാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയ ഏക സംസ്ഥാനം. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ രാജ്യത്തുള്ള മിക്ക സിവില്‍ നിയമങ്ങള്‍ക്കും ഏകീകൃത സ്വഭാവമാണുള്ളത്. കരാര്‍ നിയമം, സിവില്‍ പ്രൊസീജ്യര്‍ കോഡ്, ചരക്ക് വില്‍പന നിയമം, സ്വത്ത് കൈമാറ്റ നിയമം, പങ്കാളിത്ത നിയമം, മുതലായവ ഇതിന് ഉദാഹരണമാണ്. മുസ്ലിം സംഘടനകൾ ഏകീകൃത സിവിൽ കോഡിനിനോടുള്ള എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ക്രൈസ്തവ സമുദായം ഇതുവരെ മനസ്സ് തുറന്നിട്ടില്ല.

സിവിൽ കോഡിലെ ചുവടെ ചേർക്കുന്ന നിയമങ്ങളാണ് ക്രൈസ്തവരെ ബാധിക്കുക.

ക്രിസ്ത്യന്‍ വിവാഹ നിയമം
ക്രിസ്ത്യൻ ഡിവോഴ്‌സ് നിയമം
ക്രിസ്ത്യൻ പിന്തുടര്‍ച്ചാവകാശ നിയമം

നിലവിലുള്ള നിയമത്തിൽ ഉള്ള ചില പോരായ്മകൾ:

ഹിന്ദു പുരുഷൻ മരിച്ചാൽ, അയാൾക്ക്‌ അവശേഷിക്കുന്ന സ്വത്ത് ഹിന്ദു സ്വത്തവകാശ നിയമം അനുസരിച്ച്, അയാളുടെ അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും തുല്യമായി ലഭിക്കും. അച്ഛന് യാതൊരു സ്വത്തും ലഭിക്കില്ല. ക്രിസ്ത്യൻ പുരുഷൻ മരിച്ചാൽ, മൂന്നിൽ ഒന്ന് ഭാര്യയ്ക്കും ബാക്കി മൂന്നിൽ രണ്ട് ഭാഗം അയാളുടെ മക്കൾക്കും ലഭിക്കും. മരിച്ചയാളുടെ സ്വത്തിൽ അയാളുടെ അച്ഛനോ അമ്മയ്ക്കോ യാതൊരു അവകാശവും ഇല്ല. അതുപോലെ ക്രിസ്ത്യൻ വിവാഹ നിയമം ധാരാളം പ്രത്യേകതകൾ നിറഞ്ഞതാണ്. വിവാഹം ഒരു പരിപാവനമായ കൂദാശയായി കരുതുന്ന ക്രൈസ്തവ സഭകളിൽ വിവാഹിതരാകുന്ന യുവാവും യുവതിയും വിവാഹ ഒരുക്ക സെമിനാറിൽ പങ്കെടുക്കണം, അവരവരുടെ ഇടവകയിൽ നിന്ന് നോ ഒബ്ജക്ഷൻ റ്റു മാര്യേജ് സർട്ടിഫിക്കറ്റ് വാങ്ങണം തുടങ്ങിയ നിയമങ്ങൾ ഉണ്ട്.

ക്രിസ്ത്യന്‍ വിവാഹ നിയമമനുസരിച്ച് വിവാഹ മോചനത്തിനും കാനൻ നിയമത്തിന്റെ വകുപ്പുകൾ അനുസരിച്ച് പരിശോധിക്കാൻ എല്ലാ രൂപതകളിലും പ്രത്യേക കോടതികളുണ്ട്. സിവിൽ നിയമത്തിൽ അംഗീകരിക്കുന്ന എല്ലാ നിയമങ്ങളും ക്രൈസ്തവ സഭയിലെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയിലെ നിയമങ്ങൾ അംഗീകരിക്കുന്നില്ല. ഉദാഹരണം ജീവിത പങ്കാളി ഒരു രോഗിയാണെന്നും വിവാഹമോചനം ആവശ്യമാണെന്നും സിവിൽ നിയമത്തിൽ വാദിച്ചാൽ വിവാഹമോചനം ലഭിക്കാം. എന്നാൽ കത്തോലിക്കാ സഭയുടെ കാനൻ നിയമം ഇതംഗീകരിക്കുന്നില്ല. വിവാഹ മോചനത്തിനായി എത്തുന്നവരെ കൗൺസിലിംഗിനും പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമൊക്കെ വിധേയരാക്കി വിവാഹ മോചനത്തിൽ നിന്ന് പിന്മാറാൻ നീണ്ട കാലയളവും ക്രൈസ്തവ സഭ നൽകാറുണ്ട്.

ക്രൈസ്തവരെ ബാധിക്കുന്ന 3 നിയമങ്ങളിൽ പിന്തുടർച്ചാവകാശ നിയമം ഏകീകരിക്കാൻ സമ്മതിച്ചാലും വിവാഹ നിയമവും വിവാഹ മോചന നിയമവും എതിർക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മതവിശ്വാസങ്ങളുടെയോ മതാചാരങ്ങളുടെയോ ഏകീകരണമല്ല, പൗരനിയമങ്ങളുടെ ഏകീകരണമാണ്‌ സിവിൽകോഡ്‌ ലക്ഷ്യമിടുന്നത്‌ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?

രാജ്യത്തെ ഒന്നിപ്പിക്കുന്ന നിയമ നിര്‍മാണം എന്ന നിലയിലാണ് ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നവര്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ഈ നിയമം എന്ന് പ്രതികൂലിക്കുന്നവരും വാദിക്കുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നത് എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും രാജ്യത്തെ നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണം എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടാവില്ല. വ്യക്തി നിയമങ്ങൾ നിശ്ചയമായും മത വിശ്വാസത്തിന്റെ ഭാഗമാണ്.

അതുകൊണ്ട് വ്യക്തി നിയമങ്ങളെ ഭേദഗതി ചെയ്യുന്നത് അനുച്ഛേദം 25 ന്റെയും 26 ന്റെയും ലംഘനമാണ് എന്ന അഭിപ്രായം ഉയർന്നു വരുന്നു. എന്നാൽ മത ന്യുനപക്ഷങ്ങൾക്ക് ഇന്ത്യൻ ഭരണ ഘടന നൽകുന്ന സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. എന്നാൽ പൊതു സമാധാനം, ആരോഗ്യം, ധാർമികത എന്നീ കാരണങ്ങളാൽ വിശ്വാസികളുടെ വിഷയത്തിൽ ഇടപെടാൻ സർക്കാരുകൾക്ക് അധികാരമുണ്ട് എന്നും നിയമജ്ഞർ വാദിക്കുന്നു. എന്നാൽ അനുഛേദം 29 ന്റെ കാര്യത്തിൽ ഈ അധികാരം ബാധകമല്ല. അതുകൊണ്ട് ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളോടും ആലോചിച്ചിട്ടാവണം ഇങ്ങനെയുള്ള നിയമ പരിഷ്‌കാരങ്ങൾ നടത്തേണ്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.