തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങളും കൈതോലപ്പായ കൈക്കൂലി ആരോപണവും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തില്‍ സിപിഎം നേതൃയോഗങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച സെക്രട്ടേറിയറ്റും ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാന കമ്മിറ്റിയും ചേരും. വിദേശ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കും.
എസ്എഫ്‌ഐയെ തിരുത്താനും പ്രവര്‍ത്തന ശൈലിയില്‍ സമഗ്രമായ മാറ്റം വരുത്താനുമുള്ള നടപടികള്‍ക്ക് യോഗങ്ങളില്‍ തുടക്കമാകും. പാര്‍ട്ടിയിലെ വിഭാഗീയതയ്‌ക്കെതിരെ ശക്തമായ നടപടികളുണ്ടാകും. ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള സൂചന നല്‍കി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക വിഷയമാക്കി മാറ്റാന്‍ ബിജെപി നേതൃത്വം മുന്നോട്ട് പോകുന്നതോടെ അതിനെ പ്രതിരോധിക്കാനുള്ള ചര്‍ച്ചകളുമുണ്ടാകും.
എസ്എഫ്‌ഐ നേതൃത്വത്തിനെതിരെയുള്ള കടന്നാക്രമണത്തിലൂടെ സര്‍ക്കാരിനെയാണ് രാഷ്ട്രീയ എതിരാളികള്‍ ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി കരുതുന്നു. കായംകുളം എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനെ എസ്എഫ്‌ഐ നേതൃത്വം പരസ്യമായി പിന്തുണച്ചതിന് പിന്നാലെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത് സംഘടനയ്ക്കും സര്‍ക്കാരിനും നാണക്കേടായി. എസ്എഫ്‌ഐയെ കൂടുതല്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുവരണമെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്.
പാര്‍ട്ടിയില്‍ തലപൊക്കിയ വിഭാഗീയ മുളയിലേ നുള്ളാന്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ആലപ്പുഴയിലും പാലക്കാടും നടപടിയുണ്ടായി. വിഭാഗീയ പ്രവണതകള്‍ക്കെതിരെ കടുത്ത നടപടികളുമായി നീങ്ങുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജില്ലകളിലെ നേതൃത്വത്തില്‍ മാറേണ്ട പ്രവണതകള്‍ ചര്‍ച്ചയായേക്കും. ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ തല്‍ക്കാലം പ്രതികരണം വേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി.