പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; 99.07 ശതമാനം സീറ്റിലും അലോട്ട്മെന്റായി

പ്ലസ് വണ്‍ മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; 99.07 ശതമാനം സീറ്റിലും അലോട്ട്മെന്റായി

തിരുവനന്തപുരം: പ്ലസ്‌വണ്‍ മൂന്നം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആകെയുള്ള ഏകജാലക പ്രവേശന സീറ്റായ 302108ല്‍ 299309 സീറ്റുകളിലേക്കാണ് മൂന്നു ഘട്ടങ്ങളിലായി അലോട്ട്മെന്റ് നടന്നത്. 2799 സീറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ആകെ സീറ്റില്‍ 99.07 ശതമാനത്തിലും അലോട്ട്മെന്റായി. 51385 പേര്‍ ഉയര്‍ന്ന ഓപ്ഷനുകളിലേക്ക് മാറി.

മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശനം നാളെ രാവിലെ 10 മുതല്‍ ജൂലൈ നാലിന് വൈകുന്നേരം നാലു വരെയാണ്.

അലോട്ട്മെന്റ് സംബന്ധിച്ചുള്ള വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ Candidate Login-ssw ലെ Third Allot Results എന്ന ലിങ്കില്‍ നിന്നും ലഭിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാലയത്തില്‍ രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.

അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാര്‍ഥികളെ തുടര്‍ന്നു നടക്കുന്ന സപ്ലിമെന്ററി അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല.

ഒന്ന്, രണ്ട് ഘട്ട അലോട്ട്മെന്റുകളില്‍ താത്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് മൂന്നാംഘട്ട അലോട്ട്മെന്റില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചില്ലെങ്കില്‍ പുതിയ അലോട്ട്മെന്റ് ലെറ്റര്‍ ആവശ്യമില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.