കര്‍ഷകര്‍ക്ക് താങ്ങാവാന്‍ കേരള ബ്രാന്‍ഡ് അരി; നെല്ല് സംഭരിക്കാനൊരുങ്ങി സഹകരണ വകുപ്പ്

കര്‍ഷകര്‍ക്ക് താങ്ങാവാന്‍ കേരള ബ്രാന്‍ഡ് അരി; നെല്ല് സംഭരിക്കാനൊരുങ്ങി സഹകരണ വകുപ്പ്

തിരുവനന്തപുരം: നെല്‍കര്‍ഷകര്‍ക്ക് താങ്ങാവാന്‍, അവരില്‍ നിന്ന് നെല്ല് സംഭരിച്ച് കേരള ബ്രാന്‍ഡ് അരി വിപണിയില്‍ എത്തിക്കാന്‍ സഹകരണവകുപ്പിന്റെ പദ്ധതി. ഇതിനായി കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ വാങ്ങിയ പത്ത് ഏക്കറില്‍ അരിമില്ല് സ്ഥാപിക്കും. സ്വകാര്യ ബ്രാന്‍ഡുകളെ വെല്ലുന്ന തനി നാടന്‍ അരി അടുത്ത വര്‍ഷം വിപണിയിലെത്തിക്കാനാണ് നീക്കം.

പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളില്‍ നിന്നും നെല്ല് സംഭരിച്ച് സംസ്‌കരിക്കും. സഹകരണ വകുപ്പിന്റെ കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണ സംഘത്തിനാണ് (കാപ്കോസ് ) ചുമതല. നിലവില്‍ സപ്ലൈകോ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച് സ്വകാര്യ മില്ലുകള്‍ക്ക് സംസ്‌കരിക്കാന്‍ നല്‍കുകയാണ്. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതിനാല്‍ സര്‍ക്കാരിനെതിരെയുള്ള കര്‍ഷകരോഷം അവസാനിച്ചിട്ടില്ല. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ സപ്ലൈകോ പ്രതിസന്ധിയിലുമാണ്. ഈ സാഹചര്യത്തില്‍ സഹകരണ വകുപ്പിന്റെ നെല്ല് സംഭരണം കര്‍ഷകര്‍ക്ക് ഗുണകരമാകും.

സംഭരണത്തിലെ പ്രതിസന്ധി തുടര്‍ന്നാല്‍ സെപ്റ്റംബറിലെ വിളവെടുപ്പ് മുതല്‍ കര്‍ഷകരില്‍ നിന്ന് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരിക്കും. മില്ല് തുടങ്ങുന്നതുവരെ ഈ നെല്ല് സ്വകാര്യമില്ലുകള്‍ക്ക് നല്‍കും. കൃഷി ഓഫീസുകള്‍ മുഖേനയാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. പ്രതിവര്‍ഷം എട്ട് ലക്ഷം ടണ്ണിലധികം നെല്ലാണ് സംഭരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം അത് 6.4 ലക്ഷം ടണ്ണായി കുറഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.