എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർമാർക്ക് മർദ്ദനം. വനിതാ ഡോക്ടർ അടക്കം രണ്ട് പേർക്കാണ് മർദനമേറ്റത്. മട്ടാഞ്ചേരി സ്വദേശികളായ ജോസ്‌നീൽ, റോബിൻ എന്നിവരെ സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് സംഭവം. പുലർച്ചെ നാലു മണിക്ക് സഹോദരനെ കാണാനെന്ന് പറഞ്ഞാണ് പ്രതികൾ ആശുപത്രിയിലെത്തിയത്. ഇവർ അകത്തേക്ക് കയറി വരുന്ന സമയത്ത് മർദനമേറ്റ ഡോക്ടറും വനിതാ ഡോക്ടറും എതിരെ വരികയും വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറാൻ പ്രതികൾ ശ്രമിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതോടെ ഡോക്ടറെ ഇരുവരും ക്രൂരമായി മർദിക്കുകയായിരുന്നു.
നിലത്തിട്ട് ചവിട്ടി മർദിച്ചുവെന്നാണ് ദൃക്‌സാക്ഷികളുടെയും മൊഴി. ഇതിന് ശേഷം ഡോക്ടർമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഡോക്ടർക്ക് വലിയ രീതിയിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തും