കാസർകോട്: തനിക്കെതിരെ നടന്നത് മാധ്യമ - രാഷ്ട്രീയ അജണ്ടയാണെന്ന് വ്യാജരേഖ കേസിൽ അറസ്റ്റിലായ കെ.വിദ്യ. കഴിഞ്ഞ ഒരു മാസമായി തന്നെയും കുടുംബത്തേയും മാധ്യമങ്ങൾ വേട്ടയാടുകയായിരുന്നു. ഇത്തരത്തിൽ വേട്ടയാടപ്പെടുന്ന അവസാനത്തെ ആളാകട്ടെ താനെന്നും വിദ്യ പറഞ്ഞു. കേരളത്തിലെ നിയമ സംവിധാനത്തിൽ വിശ്വാസമുണ്ട്. നിയമപരമായ പോരാട്ടം തുടരുമെന്നും വിദ്യ പറഞ്ഞു.
കരിന്തളം കോളജിൽ അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യക്ക് ജാമ്യം അനുവദിച്ചിരുന്നു. ഹോസ്ദുർഗ് ജുഡീഷ്യൽ കോടതിയാണ് ജാമ്യം അനുവദിച്ചത്.
കേസിൽ വിദ്യക്കെതിരെ ഗുരുതര കുറ്റങ്ങൾ കണ്ടെത്തിയതിനാൽ ജാമ്യം നൽകരുതെന്നായിരുന്നു പൊലീസിന്റെ ആവശ്യം. വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീലേശ്വരം പൊലീസ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 30ാം തീയതി ഹാജരാകണം എന്ന വ്യവസ്ഥയിൽ അന്ന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ കോടതിയിൽ ഹാജരായപ്പോൾ ജാമ്യാപേക്ഷ ഇന്നത്തേക്ക് പരിഗണിക്കാൻ മാറ്റി വയ്ക്കുകയായിരുന്നു.