പുരാവസ്തു തട്ടിപ്പ് കേസ്; പൊലീസിനെതിരെ പരാതിയുമായി കെ.സുധാകരനും മോൻസണും

പുരാവസ്തു തട്ടിപ്പ് കേസ്; പൊലീസിനെതിരെ പരാതിയുമായി കെ.സുധാകരനും മോൻസണും

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നൽകി പ്രതി മോൻസൻ മാവുങ്കൽ. കെ.സുധാകരന് തട്ടിപ്പിൽ പങ്കുണ്ടെന്ന് പറയാൻ ഡി.വൈ.എസ്.പി റസ്‌റ്റം ഭീഷണിപ്പെടുത്തിയെന്നും പേര് പറഞ്ഞാൽ പോക്സോ, ചീറ്റിങ്ങ് കേസുകളിൽ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും മോൻസൺ നൽകിയ പരാതിയിൽ പറയുന്നു.

അതേ സമയം പൊലീസിനെതിരെ അവകാശ ലംഘനത്തിന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ലോക്‌സഭാ സ്പീക്കറിന് പരാതി നൽകി. മോൻസൺ മാവുങ്കൽ കേസിൽ മൊഴി നൽകാൻ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

മോൻസൺ കേസിന് പിന്നാലെ കെ സുധാകരന്റെ ആസ്ഥിയും വരുമാനവും കണ്ടെത്താനൊരുങ്ങുകയാണ് വിജിലൻസ്. ലോക് സഭാ സെക്രട്ടറി ജനറലിന് കത്ത് നൽകി കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ എസ് പി. എം പി എന്ന നിലയിൽ വരുമാനങ്ങളുടെ വിശദാംശങ്ങൾ നൽകാനാണ് നിർദേശം. സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലൻസ് അറിയിച്ചു.

സുധാകരന്റെ കഴിഞ്ഞ 15 വർഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും ആണ് അന്വേഷിക്കുന്നത്. പുതിയ അന്വേഷണം അല്ലെന്നും 2021ൽ തുടങ്ങിയതാണെന്നും വിജിലൻസ് സ്‌പെഷ്യൽ സെൽ പറഞ്ഞു. സ്‌പെഷ്യൽ അസി. കമ്മീഷണർ അബ്ദുൽ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കെ സുധാകരൻ നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.