തിരുവനന്തപുരം: സമൂഹത്തിലെ മൂല്യച്യുതികള്‍ ഇല്ലായ്മ ചെയ്യാന്‍ സ്‌കൂള്‍ മുതല്‍ പഠനം ആവശ്യമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് പറഞ്ഞു. കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന മദ്യ - മയക്കുമരുന്ന് വ്യാപനവും വിപത്തും നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുള്ള കര്‍മ്മപദ്ധതി ആവിഷ്‌കരിക്കുന്നതിന്റെ സംസ്ഥാനതല ശില്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
കുടുംബത്തിലും, സമൂഹത്തിലും മികവ് പുലര്‍ത്തേണ്ടവര്‍ ഇങ്ങനെ ലഹരിക്ക് അടിമയാകുന്നത് അംഗീകാരിക്കാനില്ല. വിദ്യാഭ്യാസ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഇത്രയേറെ മൂല്യച്യുതി ഉണ്ടായത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ഏറ്റവും അപകടകരമായ രീതിയില്‍ മയക്ക് മരുന്നു ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അത് തടയാനുള്ള നടപടികള്‍ ആരംഭിക്കണം.
കേരളത്തില്‍ മയക്കുമരുന്ന് ഉപയോഗം കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ പോലും ശിഥിലമായിരിക്കൊണ്ടിരിക്കുകയാണ്. വേഗത്തില്‍ പണം ലഭിക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ കാലം നിലനില്‍ക്കില്ലെന്ന് എല്ലാവരും ഓര്‍മ്മിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍, ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (അഡിക് ) ഇന്ത്യ, നാഷണല്‍ റിസോഴ്‌സ് സെന്റര്‍ ഫോര്‍ നോണ്‍ കമ്മ്യൂണിക്കേബിള്‍ ഡിസീസസ് എന്നിവയുമായി ചേര്‍ന്നാണ് ശില്പശാല സംഘടിപ്പിച്ചത്.