'പ്രതിപക്ഷവും മാധ്യമങ്ങളും ഉയര്‍ത്തുന്ന വിവാദങ്ങളൊന്നും ജനങ്ങള്‍ കാര്യമാക്കുന്നില്ല'; വിലയിരുത്തലുമായി സി.പി.എം സംസ്ഥാന സമിതി

'പ്രതിപക്ഷവും മാധ്യമങ്ങളും ഉയര്‍ത്തുന്ന വിവാദങ്ങളൊന്നും ജനങ്ങള്‍ കാര്യമാക്കുന്നില്ല'; വിലയിരുത്തലുമായി സി.പി.എം സംസ്ഥാന സമിതി

തിരുവനന്തപുരം: പ്രതിപക്ഷവും മാധ്യമങ്ങളും ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവാദങ്ങളൊന്നും ജനങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സമിതി. ഇത്തരം വിവാദങ്ങളുടെ പിന്നാലെ പോകേണ്ടതില്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് യോഗത്തിലെ വിലയിരുത്തല്‍.

ഏക സിവില്‍കോഡ്, മണിപ്പുരിലെ കലാപം എന്നിവയെല്ലാം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. അത് പാര്‍ട്ടിയും മുന്നണിയും ഏറ്റെടുത്ത് പ്രചാരണ പരിപാടികള്‍ ശക്തമാക്കാനും സി.പി.എം തീരുമാനിച്ചു.

സര്‍ക്കാരിനെതിരേയുള്ള യു.ഡി.എഫിന്റെ പ്രചാരണങ്ങളൊന്നും ജനങ്ങളിലേക്ക് എത്തിയിട്ടില്ല. മാധ്യമങ്ങള്‍ മാത്രമാണ് യു.ഡി.എഫിന്റെ ആരോപണങ്ങള്‍ ഏറ്റെടുത്ത് വലുതാക്കിയിട്ടുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും എതിരേയുള്ള കേസുകള്‍ പോലും ശരിയായ രീതിയിലുള്ളതാണെന്ന തോന്നലാണ് ജനങ്ങള്‍ക്കുള്ളത്. മണിപ്പുര്‍ കലാപം ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ വലിയ ആശങ്കയുണ്ടാക്കുന്നതാണ്. അതിനാല്‍, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി പ്രചാരണം ശക്തമാക്കണമെന്നും യോഗത്തില്‍ വിലയിരുത്തി.

ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്ക ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ യു.ഡി.എഫിനോ കേണ്‍ഗ്രസിനോ ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതിനാല്‍, ഏക സിവില്‍ കോഡിന്റെ കാര്യത്തില്‍ ഐക്യപ്രക്ഷോഭമെന്ന ആശയവുമായി ലീഗുണ്ടാകുന്ന കൂട്ടായ്മയെ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നും അഭിപ്രായമുയര്‍ന്നു. കൂടാതെ
പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നേതാക്കള്‍ക്കെതിരേയടക്കം സംഘടനാനടപടികള്‍ എടുക്കേണ്ട സാഹചര്യം യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയിലെ ഇത്തരം പ്രവണതകള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നേതൃത്വം നല്‍കി. സംഘടനാ നടപടികള്‍ യോഗം അംഗീകരിച്ചു.

സി.ഐ.ടി.യു നേതാവ് വിലകൂടിയ മിനി കൂപ്പര്‍ കാര്‍ വാങ്ങിയതിനെയും എസ്.എഫ്.ഐ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചര്‍ച്ചയില്‍ പരാമര്‍ശിച്ചു. വിഷയത്തില്‍ പാര്‍ട്ടിയുടെ നിയന്ത്രണം കാര്യക്ഷമമാക്കണമെന്നായിരുന്നു അഭിപ്രായം. യോഗം ഇന്നും തുടരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.