വ്യാജ കേരള ലോട്ടറി ഓണ്‍ലൈനില്‍: സമ്മാന കുറിപ്പില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വരെ വ്യാജ ഒപ്പ്; തട്ടിപ്പിനിരയായി നിരവധിപ്പേര്‍

വ്യാജ കേരള ലോട്ടറി ഓണ്‍ലൈനില്‍: സമ്മാന കുറിപ്പില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വരെ വ്യാജ ഒപ്പ്; തട്ടിപ്പിനിരയായി നിരവധിപ്പേര്‍

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ വീണ്ടും തട്ടിപ്പ്. കേരള മെഗാ ലോട്ടറി എന്ന വെബ്‌സൈറ്റ് വഴിയാണ് വ്യാജ ടിക്കറ്റ് വില്‍പനയും തട്ടിപ്പും. കേരളത്തിന് പുറത്തുള്ളവരെ ലക്ഷ്യമിട്ടാണ് ഇത്തവണ തട്ടിപ്പ് സംഘം ഇറങ്ങിയിരിക്കുന്നത്. ലോട്ടറിയടിച്ചെന്ന് പറഞ്ഞ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വരെ വ്യാജ ഒപ്പുള്ള സര്‍ട്ടിഫിക്കറ്റാണ് ഇവര്‍ വ്യാജലോട്ടറിയെടുത്തവര്‍ക്ക് അയച്ചുകൊടുക്കുന്നത്.

ആരെയും കെണിയില്‍ വീഴ്ത്തുന്ന തരത്തിലാണ് വെബ്‌സൈറ്റ്. സമ്മാനമടിച്ചവരുടെ പേരും ടിക്കറ്റിന്റെ നമ്പരും ഒക്കെ കൊടുത്തിട്ടുണ്ട്. ലോട്ടറിയുടെ സമ്മാനഘടനയും നല്‍കിയിരിക്കുന്നു. മെസേജ് വഴിയാണ് ഇരകളെ ആകര്‍ഷിക്കുന്നത്. സംസ്ഥാന ഭാഗ്യക്കുറിയോട് സാദൃശ്യമുള്ള ടിക്കറ്റുകളുടെ ഫോട്ടോ വച്ചാണ് വില്‍പന. വിലയിലും മാറ്റമില്ല. ലോട്ടറി എടുക്കുന്നവര്‍ക്ക് സമ്മാനം അടിച്ചതായി സന്ദേശം ലഭിക്കും. സമ്മാനത്തുക കിട്ടണമെങ്കില്‍ ഓഫീസ് ചെലവിന് പണം അടയ്ക്കണമെന്ന് നിര്‍ദേശം വരും.

ചെന്നൈ സ്വദേശിക്ക് ലോട്ടറിയടിച്ചെന്ന് പറഞ്ഞ് ലഭിച്ച സര്‍ട്ടിഫിക്കറ്റാണ് തട്ടിപ്പിന്റെ പുതിയ രീതി പുറത്ത് വരാന്‍ ഇടയാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ മുദ്രയും ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പും വരെ തട്ടിപ്പുകാര്‍ ചമച്ചിരിക്കുന്നു. ലോട്ടറി നറുക്കെടുപ്പ് നടക്കുന്ന തിരുവനന്തപുരത്തെ ഗോര്‍ക്കിഭവനാണ് ഇതില്‍ കാണിച്ചിരിക്കുന്ന വിലാസം. എട്ടുലക്ഷം കിട്ടുമെന്ന് കരുതി എത്തിയ തമിഴ്‌നാട് സ്വദേശിയെ ഗോര്‍ക്കിഭവനിലെ ജീവനക്കാര്‍ ലോട്ടറി ഡയറക്ടറേറ്റിലേക്ക് അയച്ചു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസിലാകുന്നത്. ഇത്തരത്തില്‍ നിരവധി പേര്‍ തട്ടിപ്പിനിരയായെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.