തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത കാലവര്‍ഷ മഴയില്‍ റെക്കോഡ് കുറവ്. കഴിഞ്ഞ 47 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് മഴയാണ് ഈ വര്‍ഷം ജൂണില്‍ പെയ്തത്. ബിപോര്‍ജോയ് ചുഴലിക്കാറ്റ് മഴ ലഭ്യതക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് 2023 ജൂണില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് മഴക്കുറവെന്നാണ് കണക്ക്. കഴിഞ്ഞ 47 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് മഴ പെയ്തത് ഈ ജൂണിലാണ്. കാലവര്‍ഷത്തില്‍ ലഭിക്കുന്ന മഴയുടെ 20 ശതമാവും ജൂണിലായിരിക്കെ ഇത്തവണത്തെ മഴക്കുറവ് ആശങ്കയുണ്ടാക്കുന്നതാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
1900 മുതല്‍ 2023 വരെയുള്ള 123 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ മഴലഭിക്കുന്ന മൂന്നാമത്തെ ജൂണ്‍ മാസമാണ് കടന്നുപോയത്. ഈ ജൂണില്‍ 60 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. മിക്ക ജില്ലകളിലും പ്രതീക്ഷിച്ചതിലും കുറഞ്ഞ മഴയാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതിന് മുമ്പ് 1962, 1976 വര്‍ഷങ്ങളിലെ ജൂണ്‍ മാസങ്ങളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 1962ല്‍ 244.9 മില്ലി മീറ്റരും 1976ല്‍ 199.4 മില്ലി മീറ്ററുമാണ് ലഭിച്ചത്. ശരാശരി 648 മില്ലി മീറ്റര്‍ മഴയാണ് ജൂണില്‍ സംസ്ഥാനത്ത് ലഭിക്കേണ്ടത്. എന്നാല്‍, ഈ വര്‍ഷം 240.99 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പെയ്യുന്ന മഴയിലാണ് ഇനി പ്രതീക്ഷ. ജൂലൈയില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂലൈയിലും മഴ കുറഞ്ഞാല്‍ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാകും.
ജല ദൗര്‍ലഭ്യത്തോടൊപ്പം വൈദ്യുതോല്‍പാദനവും പ്രതിസന്ധിയിലാകും. ജലസേചന വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും കീഴിലുള്ള ഡാമുകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജലനിരപ്പ് കുറവാണ്. ഈ വര്‍ഷത്തെ ജൂണ്‍ മാസത്തെ മഴക്കുറവിന് ബിപര്‍ജോയ് ചുഴലിക്കാറ്റ് കാരണമായെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാലവര്‍ഷക്കാറ്റിന്റെ ശക്തിക്കുറവും മഴക്കുറവിന് കാരണമായി.