പാലക്കാട്: പല്ലശനയില്‍ വധൂവരന്‍മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തില്‍ സുഭാഷ് എന്ന ആള്‍ക്കെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ദേഹോപരദ്രവം ഏല്‍പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്.
സംഭവത്തില്‍ വധൂവരന്മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആചാരമെന്ന പേരില്‍ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വന്‍ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഒടുവില്‍ വനിതാ കമ്മീഷന്‍ ഇടപെടലിലാണ് പൊലീസ് കേസെടുത്തത്.
പല്ലശനയിലെ സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്‌ലയ്ക്കുമാണ് വിവാഹ ദിനം ബന്ധുവിന്റെ വക തലയ്ക്ക് ഇടികിട്ടിയത്. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്ന സജ്‌ലയുടെ ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു.
പഴമക്കാരുടെ ആചാര തുടര്‍ച്ചയെന്ന പേരിലാണ് ദമ്പതിമാരുടെ തലകൂട്ടി മുട്ടിച്ചത്. എന്നാല്‍ അങ്ങനെയൊരു ആചാരം നാട്ടിലില്ലെന്ന് പല്ലശനക്കാര്‍ തന്നെ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിവാഹം.