ആലപ്പുഴ: ചമ്പക്കുളം മൂലം ജലോത്സവത്തിനിടെ വനിതകൾ തുഴഞ്ഞ കളിവള്ളം മറിഞ്ഞു. ചമ്പക്കുളം പഞ്ചായത്തിലെ കുടുംബശ്രി പ്രവർത്തകർ തുഴഞ്ഞ വള്ളമാണ് മറിഞ്ഞത്. ഫിനിഷിങ് പോയന്റിന് മുന്നൂറ് മീറ്റർ അകലെ വെച്ചാണ് വള്ളം കീഴ്‌മേൽ മറിഞ്ഞത്. കൂടുതൽ പേരും നീന്തി കരയ്ക്കുകയറി. ചിലരെ ബോട്ടുകളിൽ എത്തിയവർ രക്ഷപ്പെടുത്തി. വള്ളത്തിലുണ്ടായിരുന്നവരെ ചമ്പക്കളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
വനിതകളുടെ ഫൈനൽ മത്സരം പൂർത്തിയാകും മുൻപ് ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനൽ നടത്തിയതാണ് അപകടത്തിന് ഇടയാക്കിയത്. ചുണ്ടൻ വള്ളങ്ങളുടെ വരവിനെ തുടർന്നുണ്ടായ ഓളം മൂലം വനിതകൾ തുഴഞ്ഞ വള്ളം മറിയുകയായിരുന്നു. 25 സ്ത്രീകളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തകർ ഉണ്ടായിരുന്നതിനാൽ അപകടത്തിൽപ്പെട്ടവരെ വളരെ വേഗം രക്ഷപ്പെടുത്താനായി. അപകടത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന മത്സരങ്ങൾ രക്ഷാപ്രവർത്തനത്തിനു ശേഷം പൂർത്തിയാക്കി.