ഗവര്‍ണര്‍ അനുമതി നിഷേധിച്ചു; നാളത്തെ നിയമസഭാ സമ്മേളനം അനിശ്ചിതത്വത്തില്‍

ഗവര്‍ണര്‍ അനുമതി നിഷേധിച്ചു; നാളത്തെ  നിയമസഭാ സമ്മേളനം അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. ഇതോടെ സമ്മേളനം അനിശ്ചിതത്വത്തിലായി. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം. ഒരു മണിക്കൂര്‍ മാത്രം സഭ ചേര്‍ന്ന് പ്രമേയം പാസാക്കാനായിരുന്നു തീരുമാനം.

എന്നാല്‍ സമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യം ഇപ്പോഴില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരിക്കുന്നത്. സഭ ചേരേണ്ട അടിയന്തര സാഹചര്യമുണ്ടെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.

അതിനിടെ സമ്മേളനം വിളിക്കണമെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഒരിക്കല്‍ക്കൂടി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയും കൃഷി മന്ത്രിയും ഗവര്‍ണറെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്ഭവനില്‍ നിന്നും അനുമതില്‍ ലഭിച്ചാല്‍ മാത്രമേ നിയമസഭാ സമ്മേളനം ചേരാനാവൂ എന്നതിനാല്‍ ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കും എന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.